Friday, December 31, 2010

ഒരു ഇല കൂടി കൊഴിയുന്നു.....

ഇന്ന് ഒരു വര്‍ഷം കൂടി ഓര്‍മകളിലേക്ക് മായുകയാണ്... ഇനി മറവിയുടെ മാറാല പിടിച്ച കുറെ അക്ഷരങ്ങളിലേക്ക് രണ്ടായിരത്തി പത്തും... പുതിയ പ്രതീക്ഷകളും പുത്തന്‍ സങ്കല്‍പ്പങ്ങളും വരുന്ന വര്‍ഷത്തെ സ്വാഗതം ചെയ്യാന്‍ കാത്തിരിക്കുന്നു... നിറഞ്ഞ മനസ്സോടെ വരുന്ന വര്‍ഷത്തെ  നമുക്ക് വരവേല്‍ക്കാം... ഏവര്‍ക്കും മനോഹരമായ ഒരു പുതുവര്‍ഷ പുലരി ആശംസിക്കുന്നു...

Tuesday, November 30, 2010

ചില "റോയല്‍" തമാശകള്‍

ചോദ്യം : സുഖിയന്‍ ഉണ്ടാക്കുന്നത്‌ എങ്ങിനെ....?
ഉത്തരം : ആദ്യം ഒരു സുഖിയന്‍ എടുത്തു അടുപ്പത് വെച്ചിരിക്കുന്ന തിളയ്ക്കുന്ന എണ്ണയില്‍ ഇടുക. ഒരു പത്തു മിനിറ്റ് കഴിയുമ്പോള്‍ നല്ല ഉഗ്രന്‍ സുഖിയന്‍ റെഡി.


ചോദ്യം : സാധാരണയായി കണ്ടു വരുന്ന ഒരു രക്ത ഗ്രൂപ്പ്‌...?
ഉത്തരം : ഫോര്‍


ചോദ്യം : ഈയിടെയായി ജനിക്കുന്ന കുട്ടികള്‍ക്ക് കണ്ടുവരുന്ന ഒരു പ്രധാന രോഗം...?
ഉത്തരം : കുട്ടികള്‍ വളരെ ചെറുതായി കാണപ്പെടുന്നു.


ചോദ്യം : ഒരു ടി വി സ്ടാന്റിന്റെ തൂക്കം എങ്ങിനെ നോക്കാം....?
ഉത്തരം : രണ്ടു പേര്‍ ചേര്‍ന്ന് ഒരു ടി വി സ്ടാന്റ്റ് പൊക്കി നോക്കുക. അപ്പോള്‍ നമുക്ക് സ്ടാന്റിന്റെ ഏകദേശ തൂക്കം മനസ്സിലാകും. എന്നിട്ട് രണ്ടു പേരും പകുതി തൂക്കം മാത്രം പറയുക.


ചോദ്യം : വെള്ളരി പ്രാവുകള്‍ എന്നാല്‍ എന്ത്....?
ഉത്തരം : വെള്ള അരി മാത്രം തിന്നുന്ന പ്രാവുകളെയാണ് സാധാരണ വെള്ളരി പ്രാവുകള്‍ എന്ന് പറയുന്നത്.Thursday, October 21, 2010

പ്രതീക്ഷയോടെ...

അങ്ങിനെ ജീവിതത്തില്‍ ആദ്യമായി ഞാനും നാളെ ഒരു ഇലക്ഷന്‍ ഡ്യൂട്ടിക്ക് പോകുന്നു.... പുറമേ നിന്നും കണ്ടു പരിചയമുള്ള ഒരു പണി... ഒരു തവണ പോളിംഗ് എജന്ട് ആയും കുറെ തവണ വോട്ടര്‍ ആയും ബൂത്തില്‍ കയറിയുള്ള പരിചയം മാത്രം.... ഇത്ര കാലം വിചാരിച്ചിരുന്നു, ഇതൊക്കെ എന്ത് പണി എന്ന്....? ഇപ്പോള്‍ മനസ്സിലാകുന്നു, ഒരു ഇലക്ഷന്‍ നടത്താന്‍ നമ്മുടെ സര്‍ക്കാര്‍ പെടുന്ന പാട് എത്രയാണെന്ന്...?!!!! ഒരുപാട് പേരുടെ അധ്വാനം... ഉറക്കമൊഴിച്ചുള്ള പണികള്‍.... കര്‍ക്കശ ഉത്തരവുകള്‍... ഉത്തരവുകള്‍ ലംഘിച്ചാല്‍ അറസ്റ്റു വാറണ്ട്... സസ്പെന്‍ഷന്‍.... ഹോ... ആലോചിക്കുമ്പോഴേ പേടിയാകുന്നു.... എന്നാലും എവിടെയോ ഒരു രസം.... ഒരു ത്രില്‍...

ബൂത്ത് പിടുത്തവും, കല്ലേറും, കള്ള വോട്ടും, ബോംബേറും, അങ്ങിനെ കേട്ടു പഴകിച്ച പല പല ഇലക്ഷന്‍ അഭ്യാസങ്ങളൊന്നും ഉണ്ടായില്ലെങ്കില്‍, അഥവാ ഉണ്ടായാലും കഴുത്തിന്‌ മീതെ തലയുമായി ഞാന്‍ രക്ഷപെട്ടാല്‍........ എനിക്ക് ഒരു വരവ് കൂടി വരേണ്ടി വരും......... അക്കഥ പറയാന്‍.................

Wednesday, October 13, 2010

പാവം ഞാന്‍.....

വീണ്ടും ഒരു ബസ്‌ യാത്ര. ഇത്തവണ കുറ്റിപ്പുറത്ത്‌ നിന്നും കുന്നംകുളത്തേക്ക്. ((("ഡിയര്‍ ഫ്രെണ്ട്സും" കൌസ്തുഭവും ക്ഷമിക്കുക. അടുത്ത് നടന്ന മംഗലാപുരം വിമാനാപകടത്തില്‍ ഞാന്‍ ഉള്പെടാതിരുന്നത് കൊണ്ടും, മുന്‍പ് കേറിയ രണ്ടു വിമാനങ്ങളും പ്രശ്നങ്ങള്‍ ഇല്ലാതെ ഭൂമിയിലേക്ക്‌ തിരിച്ചു വന്നതുകൊണ്ടും, സ്ഥിരമായി വിമാനത്തില്‍ കയറാന്‍ ഞാനൊരു വിജയ്‌ മല്യ അല്ലാത്തത് കൊണ്ടും ഇതൊക്കെ സഹിച്ചേ പറ്റൂ..!))).  വീടെത്തുവാനുള്ള ആഗ്രഹം കാലുകളെ താങ്ങി നില്‍ക്കുന്ന നേരം. കാത്തു നില്‍ക്കുന്ന യാത്രക്കാരുടെ ഇടയിലേക്ക് ഒരു തൃശൂര്‍ - കോഴിക്കോട് ലിമിറ്റഡ് സ്റ്റോപ്പ്‌ ബസ്‌ കിതച്ചു കൊണ്ട്  കുതിച്ചെത്തികടല കൊറിച്ചു കൊണ്ട് നില്‍ക്കുകയായിരുന്ന ഒരു മാന്യന്‍ ആ ബസ്സിനുള്ളില്‍ തിക്കിക്കയറി ഇരിക്കാനൊരു സീറ്റ് പിടിച്ചു. ഇടിച്ചു  കയറുന്നതില്‍  പിന്നിലല്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് ഞാനും അയാള്‍ക്കരികില്‍ ഒരു സ്ഥലം കണ്ടെത്തി.  ബസ്സിലാണെങ്കില്‍ ഒടുക്കത്തെ തിരക്കും. യാത്രക്കാരെ ബസ്സിനുള്ളില്‍ കുത്തി നിറച്ചു കൊണ്ട് കണ്ടക്ടര്‍ തന്റെ കരുത്ത് തെളിയിച്ചു. അതിനു വാശി തീര്‍ക്കാനെന്ന വണ്ണം റോഡിലുള്ള എല്ലാ കുഴിയിലും ബസ്‌ ചാടിച്ചുകൊണ്ട്‌ ഡ്രൈവറും തന്റെ തനി നിറം പുറത്തു കാട്ടി. വിശക്കുന്ന വയറും എരിയുന്ന മനസ്സുമായി യാത്രക്കാരും യാത്രക്കാരെ വഹിച്ചുകൊണ്ട് ബസും യാത്ര തുടര്‍ന്നു.

കുറച്ചു കഴിഞ്ഞപ്പോള്‍ എന്‍റെ അടുത്ത സീറ്റില്‍ കടല കൊറിച്ചു കൊണ്ടിരുന്ന മാന്യന്‍ ഉറക്കമാരംഭിച്ചു. ക്ഷീണം വന്നിട്ടാകും... പാവം എന്ന് ഞാന്‍ മനസ്സില്‍ വിചാരിച്ചു. അപ്പോള്‍ അയാളുടെ മൊബൈലില്‍ നിന്നും ഒരു പുതിയ മലയാള ഗാനം പുറത്തേക്കൊഴുകി. ഉറക്കത്തില്‍ നിന്നും അയാള്‍ എഴുന്നേറ്റു മൊബൈലില്‍ ആരെയോ വയറു നിറയെ ചീത്ത പറഞ്ഞു. അത് കേട്ട എന്‍റെ വയറു പോലും നിറഞ്ഞു തുളുമ്പി. സംസാരം നിര്‍ത്തി അടുത്ത നിമിഷത്തില്‍ അയാള്‍ വീണ്ടും ഉറക്കത്തിലേക്കു വീണു.

കണ്ടക്ടര്‍ കാശിനായി അടുത്തെത്തി. അപ്പോഴും നമ്മുടെ മാന്യന്‍ നല്ല ഉറക്കം. മുന്‍പ് കയറിയ ആളാകുമെന്നു കരുതിയിട്ടാകണം, കണ്ടക്ടര്‍ അയാളെ ഉണര്‍ത്താന്‍ ശ്രമിച്ചില്ല. എല്ലാ യാത്രക്കാരും ടിക്കറ്റെടുത്തു, നമ്മുടെ മാന്യന്‍ മാത്രം സുഖ നിദ്രയില്‍ മുഴുകി. കണ്ടക്ടര്‍ പിന്നിലൂടെയുള്ള വാതിലിലൂടെയിറങ്ങി മുന്‍പിലെത്തി. വീണ്ടും നമ്മുടെ സുഹൃത്തിനു മൊബൈലില്‍ ഒരു വിളി വന്നു. അയാള്‍ പിന്നെയും ഉറക്കത്തില്‍ നിന്നും എണീറ്റ്‌ എന്തൊക്കെയോ സംസാരിച്ചു. കഴിഞ്ഞതും അടുത്ത സെക്കന്റില്‍ അയാള്‍ പിന്നെയും ഉറക്കത്തിലേക്കു വീണു. അയാളില്‍ ഒരു സുകുമാരക്കുറുപ്പ് ഉറങ്ങിക്കിടക്കുന്നതായി എനിക്ക് തോന്നി. ഇതെല്ലം കണ്ടുകൊണ്ടിരുന്ന എന്‍റെ ഉള്ളിലെ ഗാന്ധിജിയും കമ്മിഷണര്‍ ഭരത് ചന്ദ്രനും സേതു രാമയ്യരും ഉണര്‍ന്നു.

ഞാന്‍ കണ്ടക്ടറുടെ ശ്രദ്ധ പിടിച്ചെടുക്കാന്‍ ശ്രമം തുടങ്ങി. ലോകത്തുള്ള എല്ലാ കഥകളി ഗുരുക്കന്മാരേയും മനസ്സില്‍ ധ്യാനിച്ച്‌ ഞാനെന്റെ  മുഖത്ത് നവരസങ്ങള്‍ വരുത്താനരംഭിച്ചു. "ഉദയനാണ് താരം" എന്ന സിനിമയില്‍  ശ്രീനിവാസന്‍ കാണിക്കുന്ന പശു ചാണകം ഇടുന്ന പോലെയുള്ള ഭാവം മുഖത്ത് തെളിയുമോ എന്നുള്ള ചിന്ത എന്നെ അലട്ടാതിരുന്നില്ല. എന്നാലും ഒരുത്തനെ കുടുക്കാനായി ഏതറ്റം വരെയും പോകാം എന്ന അസൂയ മനസ്സിലുള്ളത് കൊണ്ട് ഞാന്‍ മുഖം കൊണ്ടും കണ്ണുകള്‍ കൊണ്ടും  കണ്ടക്ടറുടെ ശ്രദ്ധ എന്നിലേക്ക്‌ ആകര്‍ഷിച്ചു. ബസ്സില്‍ സ്ഥിരമായി കയറുന്ന പെണ്‍കുട്ടികളുടെ കണ്ണുകള്‍ പറയുന്ന കഥകള്‍ മനസ്സിലാക്കുന്നതില്‍ വിരുതനാണ് ആ സുമുഖനായ കണ്ടക്ടര്‍ എന്നെനിക്കു പെട്ടെന്ന് തന്നെ മനസ്സിലായി. അതുകൊണ്ടാവണം ഞാന്‍ ഉദ്ദേശിക്കുന്നതെന്താണെന്നു കണ്ടക്ടര്‍ ഊഹിച്ചെടുത്തു.

കണ്ടക്ടര്‍ അടുത്തുവന്നു ആ പാവം വിരുതനെ ഉറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്തി. ആ നിമിഷം ഞാന്‍ ഉറക്കം തുടങ്ങി. കണ്ടക്ടര്‍,  ടിക്കറ്റ്‌ എടുത്തോ എന്ന് ചോദിക്കുന്നതും, ഇല്ല, മുണ്ടൂര്‍ക്ക് ഒരു ടിക്കറ്റ്‌ എന്ന് സഹയാത്രികന്‍ പറയുന്നതും ഞാന്‍ കേട്ടു. ഒരുത്തനെ കുടുക്കിയ സന്തോഷത്താല്‍ ഞാന്‍ ഉള്ളില്‍ ചിരിച്ചു. എന്‍റെ കറുത്ത കണ്ണുകളാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് അയാളരിയുമോ എന്നായിരുന്നു എന്‍റെ പേടി. അതൊന്നും ഉണ്ടായില്ല എന്ന് എനിക്ക് പെട്ടെന്ന് തന്നെ മനസ്സിലായി.  എന്‍റെ ഉള്ളിലുള്ള കമ്മിഷണര്‍ ഭരത് ചന്ദ്രന്‍ തൊപ്പിയെടുത്ത് തലയില്‍ വെച്ചു.

എനിക്ക് ഇറങ്ങേണ്ട സ്ഥലമായി. കണ്ടക്ടര്‍ പുറകിലെ വാതിലിനടുത്ത് നില്‍പ്പുണ്ട്. ഒരു ടിക്കറ്റ് എടുത്ത് കൊടുക്കാന്‍ സഹായിച്ച എന്നോട് ഒരു നന്ദിവാക്കെങ്കിലും കണ്ടക്ടര്‍ പറയുമെന്ന് ഞാന്‍ കരുതി. പ്രതീക്ഷയോടെ മുഖത്ത് നോക്കിയ എന്നെ കണ്ടക്ടര്‍ ഗൌരവമായി ഒന്ന് നോക്കി, എന്നിട്ട് മുന്‍പിലേക്ക് നടന്നു. ഇളിഭ്യനായ ഞാന്‍ എന്‍റെ സഹയാത്രികനെ ശ്രദ്ധിച്ചു. അയാള്‍ പുറത്തേക്കു നോക്കിയിരിക്കുകയായിരുന്നു.

എന്‍റെ ഉള്ളില്‍ കണ്ടക്ടരോടുള്ള ദേഷ്യം നുരഞ്ഞു പൊന്തി.  എന്‍റെ ഉള്ളിലുള്ള അജ്മല്‍ കസബും  കാരി സതീഷും മറ്റും ഉയിര്‍ത്തെഴുന്നേറ്റു. കണ്ടക്ടരോടുള്ള ദേഷ്യം മനസ്സില്‍ വെച്ചു ഞാന്‍ വീട്ടിലേക്കുള്ള യാത്ര തുടര്ന്നു. പാവം ഞാന്‍.....

Wednesday, September 22, 2010

കലാധരേട്ടന്റെ കാല്‍പ്പാടുകള്‍

നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. ഒരു നീണ്ട യാത്രക്കൊടുവില്‍ ബസ്സിറങ്ങി വീട്ടിലേക്കു നടക്കുന്ന സമയത്താണ് അരികില്‍ ഒരു ഓട്ടോറിക്ഷ വന്നു നിന്നത്. നോക്കുമ്പോള്‍ കലാധരേട്ടന്‍.
"എന്താണിങ്ങനെ ഒറ്റയ്ക്ക് നടന്നു പോകുന്നത്...? കേറിക്കോ... ഞാന്‍ ആ വഴിക്കാ...!"

എന്‍റെ ഉള്ളിലൂടെ ഒരു കിളി പറന്നു. ഒരു സംശയത്തോടെ ഞാന്‍ വണ്ടിയില്‍ കയറി.
"എന്തൊക്കെയുണ്ട് വിശേഷങ്ങള്‍...? അച്ഛനും അമ്മയ്ക്കും ഒക്കെ സുഖം തന്നെയല്ലേ...? അനിയന്മാരൊക്കെ വരാറുണ്ടോ..?" കലാധരേട്ടന്‍ വിടാനുള്ള ഭാവമില്ല.

എന്‍റെ സംശയം മൂത്ത് പഴുക്കാന്‍ പോകുന്ന അവസ്ഥയിലായി. ഇങ്ങേര്‍ക്കിതെന്തു പറ്റി...? സാധാരണയായി കണ്ടാല്‍ ഒരു ചിരി മുഖത്ത് വരുത്തി എന്ന് കാണിച്ചു കടന്നു പോകുന്ന ആളാണ്‌. ഇപ്പോള്‍ വിളിച്ചു വണ്ടിയില്‍ കേറ്റുന്നു.... വിശേഷങ്ങള്‍ ചോദിക്കുന്നു... ഇതിനു മുന്‍പ് ഒരുപാട് തവണ ഞാന്‍ നടന്നു പോകുമ്പോള്‍ ഈ കലാധരേട്ടന്‍ ഓട്ടോയില്‍ പോകുന്നത് കണ്ടിട്ടുണ്ട്. അന്നൊന്നും ഇത്ര സ്നേഹത്തോടെ വണ്ടിയില്‍ വിളിച്ചു കേറ്റിയിട്ടില്ല. പലതവണ നാട്ടില്‍ വെച്ച് കണ്ടു മുട്ടാറുണ്ട്. അന്നൊന്നും സുഖാന്വേഷണങ്ങള്‍ ഉണ്ടായിട്ടില്ല. ഹും... മനുഷ്യന് മാറ്റങ്ങള്‍ വരന്‍ അധികം സമയമൊന്നും വേണ്ടല്ലോ എന്ന് സമാധാനിച്ചു കലാധരേട്ടന്റെ ചോദ്യങ്ങള്‍ക്കെല്ലാം വിശദമായ മറുപടി കൊടുത്തു.

സ്നേഹം പങ്കുവെച്ചു പങ്കുവെച്ചു അങ്ങിനെ വീടെത്തി. ഇറങ്ങാന്‍ നേരം കലാധരേട്ടന്റെ അടുത്ത വെടി. "പിന്നെ കാണാട്ടോ..." എന്‍റെ ഉള്ളിലൂടെ വീണ്ടും കിളി പറന്നു.

വീട്ടിലെത്തി കുളി കഴിഞ്ഞ് ഊണ് കഴിക്കുന്നതിനിടയില്‍ അമ്മ പറഞ്ഞു. " ആ കലാധരേട്ടന്‍ വരുന്ന ഇലക്ഷനില്‍ മത്സരിക്കുന്നുണ്ടത്രേ...!" എന്‍റെ ഉള്ളിലൂടെ ആ കിളി വീണ്ടും പറന്നു ഒരു മരത്തിലിടിച്ച് ചത്തു വീണു.

പിറ്റേ ദിവസം രാവിലെ കോളിംഗ് ബെല്ലിന്‍റെ നിലക്കാത്ത ശബ്ദമാണ് ഉറക്കത്തില്‍ നിന്നും ഉണര്‍ത്തിയത്. ഇതാരെടാ ഇത്ര രാവിലെ വന്നു മനുഷ്യന്റെ മെനക്കെടുത്തുന്നത് എന്ന് മനസ്സില്‍ ചിന്തിച്ചു ഉറക്കം തൂങ്ങുന്ന കണ്ണുകളുമായി വാതില്‍ തുറന്നു. കലാധരേട്ടന്‍ ചിരിച്ചു കൊണ്ട് നില്‍ക്കുന്നു. ഇത്തവണ എന്‍റെ സംശയം പഴുക്കാന്‍ വേണ്ടി മൂത്തില്ല. എന്നാലും അറിയാത്ത ഭാവത്തില്‍ ചോദിച്ചു. "എന്താ കലാധരേട്ടാ, രാവിലെ തന്നെ...?"

"ഓ ഒന്നുമില്ല, രാവിലെ നടക്കാന്‍ ഇറങ്ങിയതാ... ഇവിടെ എത്തിയപ്പോള്‍ ഒന്ന് കയറി അച്ഛനെ കാണാമെന്നു വെച്ചു."

"അതിനു കലാധാരെട്ടന് രാവിലെ നടത്തമോന്നും പതിവില്ലല്ലോ...!" ആശ്ചര്യത്തോടെ ഞാന്‍ ചോദിച്ചു.

"ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ പിടിക്കാത്ത അസുഖമൊന്നും ഇനി ബാക്കിയില്ല. വ്യായാമം വേണമെന്ന് ഡോക്ടര്‍ കുറെ ദിവസമായി പറയുന്നു. അതുകൊണ്ട് ഇനി രാവിലെയും വൈകീട്ടും നടക്കാമെന്ന് വെച്ചു. ഒരു ഉന്മേഷമൊക്കെ ഉണ്ടാകുമല്ലോ...!" ഒന്നര മാസമല്ലേ ഈ ഉന്മേഷം കാണൂ എന്ന് മനസ്സില്‍ ചോദിച്ചു. ഒരു ഭാവി ജന പ്രധിനിധിയെ പിണക്കണ്ടല്ലോ എന്ന് കരുതി കുരുത്തക്കേട്‌ ഒന്നും പറയാതൊപ്പിച്ചു.

"അച്ഛന്‍ എഴുന്നേല്‍ക്കാന്‍ നേരം വൈകും.." ഞാന്‍ പറഞ്ഞു. "ഹോ, എന്നാല്‍ ഞാന്‍ പിന്നെ വരാം. ഞാന്‍ വന്നിരുന്നുവെന്നു എല്ലാവരോടും പറയണം." ശരി എന്ന് പറഞ്ഞു ഞാന്‍ വാതിലടച്ചു.

തുടര്‍ന്ന് ദിവസങ്ങള്‍ കടന്നുപോയി. ഞങ്ങളുടെ നാടിന്റെ മുക്കിലും മൂലയിലും കലാധരേട്ടന്റെ കാല്‍പ്പാടുകള്‍ പതിഞ്ഞു. ഗ്രാമത്തിന്റെ ശ്വാസ നിശ്വാസങ്ങള്‍ കലാധരെട്ടന്റെത് കൂടിയായി. വിജയം ഉറപ്പിച്ച കലാധരേട്ടന്റെ കഥ നാട്ടിലെങ്ങും പരന്നു. എല്ലായിടത്തും ചര്‍ച്ച കലാധരേട്ടന്‍ മാത്രമായി.

അങ്ങിനെ കാത്തു കാത്തിരുന്ന് നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന ദിവസം വന്നെത്തി. രാവിലെ അമ്പലത്തില്‍ പോയി പ്രാര്‍ത്ഥിച്ചു വരുന്ന കലാധരേട്ടന്‍ പറഞ്ഞു. "ഇന്നാണ് പത്രിക സമര്‍പ്പണം... എന്‍റെ കൂടെയുണ്ടാകണം." ശരി എന്ന് പറഞ്ഞു ഞാന്‍ ബസ്സില്‍ കയറി.

വൈകുന്നേരം....

വൈകുന്നേരം, ബസ്സിറങ്ങിയപ്പോള്‍ ആ ദുരന്ത വാര്‍ത്ത ഞാനറിഞ്ഞു. "കലാധരെട്ടന് പത്രിക സമര്‍പ്പിക്കാന്‍ പറ്റിയില്ലത്രേ... കലാധരേട്ടന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല."

ആലോചിച്ചു നില്‍ക്കുന്നതിനിടയില്‍ ഒരു ഓട്ടോറിക്ഷ വേഗത്തില്‍ എന്നെ കടന്നുപോയി. അതില്‍ കലാധരേട്ടന്റെ ഗൌരവം നിഴലിച്ച്ച മുഖം ഞാന്‍ ഒരു നോക്ക് കണ്ടു.........

Thursday, September 16, 2010

പറന്നകന്ന സ്വര്‍ണ്ണ ഗായിക

സുവര്‍ണ്ണ ശബ്ദം കൊണ്ട് നിരവധി പാട്ടുകള്‍ അനശ്വരമാക്കിയ ആ സ്വര്‍ണ്ണ ഗായികയും ഈ ലോകത്തോട്‌ വിട പറഞ്ഞു. ഞങ്ങളുടെ കൌമാര കാലത്ത് എല്ലായിടത്തും അലയടിച്ചിരുന്നു ആ ശബ്ദം. എ. ആര്‍. റഹ്മാന്‍ തരംഗം അലയടിച്ചു തുടങ്ങിയ തൊണ്ണൂറിന്റെ ആദ്യ പകുതികളില്‍ പെട്ടെന്ന് തിരിച്ചറിയാമായിരുന്നു വ്യത്യസ്തതയുള്ള ആ ശബ്ദം. റഹ്മാന്റെ സംഗീതം ജനഹൃടയങ്ങളിലേക്ക് എത്തിയിരുന്നത് തന്നെ സ്വര്‍ണലതയെപ്പോലുള്ള ഗായികമാരിലൂടെയയായിരുന്നു. മനോയും സ്വര്‍ണലതയും ചേര്‍ന്നുള്ള പാട്ടുകള്‍ ഞങ്ങളുടെ ഹരമായിരുന്നു. കോളേജ് കാലത്തെ വിസ്മരിക്കാനാകാത്ത പാട്ടുകളില്‍ പലതിനും സ്വര്‍ണലതയുടെ ശബ്ദമായിരുന്നു. അതുകൊണ്ട് തന്നെ ആ ഗാനങ്ങളും ആ സുവര്‍ണ ശബ്ദവും മനസ്സിലെന്നും നിലനില്‍ക്കും.......

Wednesday, August 11, 2010

കൊറിയര്‍ കൊണ്ടു വന്ന പ്രതീക്ഷകള്‍

രാത്രിയുടെ നിശ്ശബ്ദ യാമങ്ങളില്‍ അയാള്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. അയാള്‍ക്കുറക്കം വന്നില്ല. ഘടികാരത്തിലെ സൂചികള്‍ പാതിരാവും കടന്നു ചലിച്ചുകൊണ്ടിരുന്നു. കട്ടിലിനരികിലുള്ള ജാലക വാതിലുകള്‍ അയാള്‍ പതിയെ തുറന്നു. മഴയും മേഘങ്ങളുമൊഴിഞ്ഞ രാത്രി പരന്നൊഴുകുന്ന നിലാവിനെ അയാളുടെ മുറിയിലേക്ക് കൂട്ടിക്കൊണ്ടു വന്നു. അയാളുടെ മനസ്സില്‍ കൂടുകൂട്ടിയ പ്രതീക്ഷയ്ക്ക് കൂടുതല്‍ തിളക്കം വെച്ചതായി അയാള്‍ക്ക്‌ തോന്നി. നിലാവില്‍ കുളിച്ചു നില്‍ക്കുന്ന മരങ്ങളുടെ ഇളകുന്ന നിഴലുകള്‍ അയാളെ തെല്ലു ഭയപ്പെടുത്താതിരുന്നില്ല. അയാള്‍ എഴുന്നേറ്റ് ഒരു കവിള്‍ വെള്ളം കുടിച്ച് വീണ്ടും ജനലിനരികില്‍ വന്നു കിടന്നു. ക്ഷോഭിച്ച കടല്‍ പോലെ അയാളുടെ മനസ്സ് കലങ്ങി മറിഞ്ഞു കൊണ്ടിരുന്നു. അയാള്‍ ആലോചിച്ചു, ആരായിരിക്കും ആ കൊറിയര്‍ അയച്ചത്....?

ജീവിതത്തില്‍ ആദ്യമായിട്ടായിരുന്നു അയാള്‍ക്കൊരു കൊറിയര്‍ വരുന്നത്. പണ്ടൊക്കെ അടുത്ത സുഹൃത്തുക്കള്‍ മാത്രമായിരുന്നു അയാള്‍ക്ക്‌ എഴുത്തുകള്‍ എഴുതിക്കൊണ്ടിരുന്നത്. പിന്നെ വിദേശത്ത് നിന്നും എല്ലാ വര്‍ഷവും മുറ തെറ്റാതെ വരുന്ന പുതുവത്സര ക്രിസ്തുമസ് ആശംസാ കാര്‍ഡുകളും. ലോകം പുതിയ കാലത്തിലേക്ക് കടന്നപ്പോള്‍ മൊബൈല്‍ ഫോണുകള്‍ എഴുത്തുകളേയും ആശംസാ കുറിപ്പുകളെയും പിച്ചി ചീന്തി കളഞ്ഞിരിക്കുന്നു. എന്നാലും തന്‍റെ ജീവിതത്തെ പറ്റി നന്നായറിയാവുന്ന ആരോ ആയിരിക്കണം ആ കൊറിയര്‍ അയച്ചിട്ടുണ്ടാകുക..., അയാളോര്‍ത്തു.

"നിങ്ങള്‍ക്ക് ഒരു കൊറിയര്‍ ഉണ്ടല്ലോ......" റിസപ്ഷനില്‍ ഇരിക്കുന്ന പെണ്‍കുട്ടി പറഞ്ഞപ്പോള്‍ അയാള്‍ വിചാരിച്ചു തിന്നാനുള്ള എന്തെങ്കിലും സാധനം ആയിരിക്കുമെന്ന്. ജിലേബിയും ലഡുവും പോലെ എന്തെങ്കിലും മധുരമുള്ള പുതിയ ബേക്കറി ഐറ്റമാകും എന്ന് കരുതി മോഹനലാല്‍ നടക്കും പോലെ ഒരു ഭാഗം ചെരിഞ്ഞു അയാള്‍ നടന്നു ചെന്നു. ആ പെണ്‍കുട്ടി ഒരു ഒട്ടിച്ച കവര്‍ വെച്ചു നീട്ടി. തിരിച്ചും മറിച്ചും ചെരിച്ചും നോക്കിയപ്പോള്‍ തന്‍റെ വിലാസം കൃത്യമായി വ്യക്തതയോടെ എഴുതിയിരിക്കുന്നു. അയാള്‍ അത്ഭുതം കൊണ്ടു.

"ഇതിനുള്ളിലാണോ തിന്നാനുള്ള സാധനം......?" അയാള്‍ ചോദിച്ചു.

"തിന്നാനുള്ള സാധനമോ....? എനിക്കറിയില്ല, ആ കവര്‍ പൊട്ടിച്ചു നോക്ക്." പെണ്‍കുട്ടി മൊഴിഞ്ഞു.

"ഇയാള്‍ക്ക് ഉയരമുണ്ടെങ്കിലും വിവരമില്ലാതെ പോയല്ലോ, ഈശ്വരാ....!!!" പെണ്‍കുട്ടി മനസ്സില്‍ വിചാരിച്ചു.

അപ്പോഴേക്കും അയാളുടെ സുഹൃത്ത്‌ അവിടെ എത്തിച്ചേര്‍ന്നു. കൈ വെട്ടലിന്റെയും ബോംബരിന്റെയുമൊക്കെ കാലമായതിനാല്‍ കവര്‍ തുറക്കാന്‍ അയാള്‍ക്ക്‌ പേടി തോന്നി. കൊറിയര്‍ വന്നതറിഞ്ഞ് കേട്ടവര്‍ കേട്ടവര്‍ അവിടെ തടിച്ചു കൂടി. ആദ്യമായി അയാള്‍ക്കൊരു കൊറിയര്‍ വന്നതില്‍ അവരെല്ലാവരും ആവേശം കൊണ്ടു. എല്ലാവര്‍ക്കും അതില്‍ എന്താനെന്നറിയുവാനുള്ള ആകാംക്ഷ പരകോടിയിലെത്തി. കവര്‍ തുറക്കുവാന്‍ അയാള്‍ തന്‍റെ സുഹൃത്തിനെ ചുമതലപ്പെടുത്തി. തന്‍റെ ആത്മ സുഹൃത്തിന് വേണ്ടി അത് തുറക്കുവാന്‍ തയ്യാറായ സുഹൃത്ത് കവര്‍ വിശദമായി പരിശോധിച്ചു. അത് മലപ്പുറത്ത് നിന്നാണ് അയച്ചിരിക്കുന്നത്. അതറിഞ്ഞപ്പോള്‍ അയാളുടെ ഭീതി ഇരട്ടിച്ചു. തിന്നാനുള്ള സാധനമാണെന്ന് കരുതിയത്‌ ജീവനെടുക്കാനുള്ള വല്ല കുന്തവുമാണോ.....?! അയാള്‍ ചിന്തകള്‍ കൊണ്ടു ഡ്രാക്കുളയുടെ കൊട്ടാരം കെട്ടി.

ആകാംക്ഷ മുറ്റിയ കണ്ണുകള്‍ ചുറ്റിലും കൂടി വരുമ്പോള്‍ അയാളുടെ സുഹൃത്ത്‌ കവര്‍ തുറന്നു. നോക്കിനിന്ന അയാളുടെ ഹൃദയമിടിപ്പുകള്‍ ദ്രുത താളം പൂണ്ടു. ഒരു കടിഞ്ഞൂല്‍ പ്രസവത്ത്തിന്റെ വേദന താനനുഭവിക്കുന്നതായി അയാള്‍ക്കു തോന്നി. അയാളുടെ തൊണ്ട വരണ്ടു. റിസപ്ഷനിലെ പെണ്‍കുട്ടി അയാള്‍ക്കു ഒരു ഗ്ലാസ് വെള്ളം കൊടുത്തു. ആദ്യമായി എ സി ബാറില്‍ കയറിയ ലോക്കല്‍ കുടിയനെ പോലെ അത് അയാള്‍ ഒറ്റ വലിക്കകത്താക്കി. ആകാംക്ഷക്കരുതി വരുത്തി എല്ലാവരും ചേര്‍ന്ന് ആ കവര്‍ തുറന്നു. അതില്‍ നിന്നും ഒരു "ശാലോം" മാഗസിന്‍ അവര്‍ പുറത്തെടുത്തു. കൂടെ ഒരു എഴുത്തും. "താങ്കള്‍ക്കു വേണ്ടി ഞങ്ങള്‍ക്ക് ഇത്രയേ ചെയ്യുവാനുള്ളൂ... ഒരു ഉചിതമായ തീരുമാനം താങ്കള്‍ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു." അത്രമാത്രം.

അവര്‍ മാഗസിന്‍ തുറന്നു നോക്കി. അതില്‍ നിറയെ മാട്രി മോനിയല്‍ പരസ്യങ്ങള്‍. ചിരിച്ചിരിക്കുന്ന വെളുത്തതും കറുത്തതും ഇരു നിറമുള്ളതുമായ സുന്ദരികള്‍. കെട്ടാന്‍ വരുന്ന ചെക്കന്മാരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തരുണീ മണികള്‍. കൂടി നിന്നിരുന്ന എല്ലാവര്‍ക്കും കാര്യം മനസ്സിലായി. ആകാംക്ഷ തകര്‍ന്നടിഞ്ഞതിന്റെ നിരാശയില്‍ എല്ലാവരും അവരവരുടെ ജോലികളിലേക്ക് മടങ്ങി.

അയാളുടെ മനസ്സില്‍ ഭീതി മാറി പകരം പ്രതീക്ഷയും ഒപ്പം ആശ്ചര്യവും വന്നു നിറഞ്ഞു. ഹൃദയത്തില്‍ ആരോ ഇലഞ്ഞിത്തറ മേളം കൊട്ടി. പ്രതീക്ഷയുടെ അമിട്ടുകള്‍ അയാളുടെ മനസ്സില്‍ നൂറു വര്‍ണ്ണങ്ങള്‍ വിരിയിച്ചു. ഇടക്കെപ്പോഴോ ഒരു ഗുണ്ട് ഉയര്‍ന്നു പൊട്ടി. അയാളുടെ നട്ടെല്ലില്‍ ഒരു പിടുത്തം വീണു. പതുക്കെ ചെന്നു അയാള്‍ കസേരയില്‍ ഇരുന്നു.

നട്ടെല്ലിന്റെ പിടുത്തം സ്ഥിരമായി കാണുന്ന ഒരാള്‍ ചോദിച്ചു. "എടൊ, ഇങ്ങനെ കഷ്ട്ടപ്പെടണോ.....? ആ മൈസൂരില്‍ പോയി ഒന്ന് പൊട്ടിച്ചു വന്നൂടെ...?"

അയാളുടെ മുഖത്തിനിട്ടു ഒന്ന് പൊട്ടിക്കാന്‍ തോന്നി. എന്നാലും വേദന ഉള്ളിലൊതുക്കി പറഞ്ഞു. "വേണ്ട, അതൊക്കെ പുലി വാലാകും... ഇതൊക്കെ തന്നെ മാറിക്കോളും."

"ഹും... മാറിയതു തന്നെ.... ഇങ്ങനെ നീയൊക്കെ കല്യാണം കഴിച്ചാല്‍ ബാക്കിയുല്ലോര്‍ക്ക് പണിയാകും..." 'മൈസൂരുകാരന്‍' പ്രതീക്ഷ മറച്ചു വെച്ചില്ല.

നേരം നാലു മണിയായി. അവിടെ നടന്ന കാര്യങ്ങളൊന്നും പിന്നെ അയാളറിഞ്ഞില്ല. അയാളുടെ മനസ്സ് ഇന്ത്യയുടെ ചന്ദ്രയാന്‍ പോലെ പറന്നു പൊയ്ക്കൊണ്ടിരുന്നു. താഴേക്കു വീഴുമോ എന്ന ഇന്ത്യക്കാരുടെ ആശങ്ക പോലെ തന്നെ 'ഇത് വല്ലതും നടക്കുമോ' എന്ന ഒരു സംശയം അയാളുടെ മനസ്സിലും ഉണ്ടായിരുന്നു.

"വീട്ടിലേക്കു പോകുന്നില്ലേ ചേട്ടാ....? ഇങ്ങനെ സ്വപ്നം കണ്ടിരുന്നാല്‍ മതിയോ....?" എന്തോ ആവശ്യത്തിനായി വന്ന ഒരു പെണ്‍കുട്ടിയുടെ ചോദ്യമാണ് അയാളെ ചിന്തയില്‍ നിന്നും ഉണര്‍ത്തിയത്. അയാള്‍ പതുക്കെ വീട്ടിലേക്കു നടന്നു. അയാള്‍ ആലോചിച്ചു. നാല്പതു വയസ്സിനു മുകളിലായെങ്കിലും പതിനെട്ടിന്റെ ചെറുപ്പമാണ് തനിക്ക്. ശരീരത്തിന് പ്രായമായി തുടങ്ങിയെങ്കിലും യൌവനത്തിന്റെ പൂക്കാലത്തിലാണ് തന്‍റെ മനസ്സ്. ആള്‍ക്കാര്‍ പറഞ്ഞു നടക്കും പോലെ പെണ്ണ് കിട്ടാത്തതല്ല തന്‍റെ പ്രശ്നം. മനസ്സിന് പിടിച്ച ഒരു പെണ്ണിനെ കിട്ടണ്ടേ.....!

"എന്താടാ....? ഐശ്വര്യാ റായി വരുമോ, നിന്നെ കെട്ടാന്‍....?" ഒരു ദിവസം സുഹൃത്ത്‌ ചോദിച്ചു. ഐശ്വര്യാ റായി അല്ല അന്ജെലിന ഷോലി വന്നാലും താന്‍ വേണ്ടെന്നു പറയുമെന്ന് അവരുണ്ടോ അറിയുന്നു...! സുഹൃത്തിനോട്‌ ഒന്നും മിണ്ടാതെ ചിരിക്കുക മാത്രം ചെയ്തു.

"ഇങ്ങനെ നടന്നാല്‍ കുറച്ചു കഴിഞ്ഞാല്‍ കാറ്റ് മാത്രം വരുമല്ലോ...!" താന്‍ ഏറെ ബഹുമാനിക്കുന്ന ഒരാള്‍ മറ്റൊരിക്കല്‍ പറഞ്ഞത് കേട്ട് അയാള്‍ മനസ്സില്‍ ചിരിച്ചു. അല്ലെങ്കിലും ഉള്ളു തുറന്നു ചിരിക്കാനുള്ള കഴിവ് തന്നെയാണല്ലോ തന്റെ ഏറ്റവും വലിയ കരുത്ത്‌. അയാള്‍ മനസ്സിലോര്‍ത്തു.

മുന്നൂറോളം വീടുകളില്‍ പെണ്ണ് കാണാന്‍ പോയിട്ടുണ്ട് എന്നാണ് ചില അസൂയാലുക്കള്‍ പറഞ്ഞു നടക്കുന്നത്. കണ്ടാലെന്താ.... ഇവരുടെ ചിലവിലാണോ പെണ്ണ് കാണാന്‍ പോകുന്നത് എന്ന് ചോദിക്കനമെന്നുണ്ടായിരുന്നു. ഒരു സംഘട്ടനം ഒഴിവാക്കാന്‍ വേണ്ടി മാത്രം അതിനു മിനക്കെട്ടില്ല. ഒരു പെണ്ണ് കാണാന്‍ ചെന്ന വീട്ടില്‍ പെണ്ണിനെ കണ്ടതിനു ശേഷം പോരാന്‍ നേരത്ത് വീടിനകത്ത് നിന്നും പെണ്ണിന്റെ അമ്മ അടക്കി പിടിച്ച സ്വരത്തില്‍ പറയുന്നത് കേട്ടു. "ഇത് നമുക്ക് വേണ്ട മോളെ.... അയാള്‍ പണ്ട് എന്നെ പെണ്ണ് കാണാന്‍ വന്നതാ... നിന്റെ അച്ഛന്റെ പ്രായമുണ്ട്....!" അവിടെ നിന്നും പകുതി കുടിച്ച ചായ ഗ്ലാസില്‍ ബാക്കി വെച്ച് ഓടി പോന്നതും ഓര്‍മയുണ്ട്. വേറൊരു സ്ഥലത്ത് പെണ്ണ് ചായ കൊണ്ട് വന്നപ്പോള്‍ കൂടെ വന്ന ബ്രോക്കരോട് "ഈ പെണ്ണിനെ ഞാന്‍ ഒരിക്കല്‍ കണ്ടതാ..." എന്ന് സ്വകാര്യമായി പറയേണ്ടി വന്ന ദുരവസ്ഥയും ഒരിക്കല്‍ വന്നു ചേര്‍ന്നിട്ടുണ്ട്. ആ വീട്ടുകാര്‍ക്ക് ഇങ്ങോട്ട് മനസ്സിലായോ എന്നാലോചിക്കാന്‍ മെനക്കെടാതെ മുങ്ങിയതും ഒരേ പെണ്ണിന് രണ്ടു ബ്രോക്കര്‍ ഫീസോ എന്ന് പറഞ്ഞു ബ്രോക്കരോട് കയര്ത്തതും ബ്രോക്കര്‍ തന്റെ കുത്തിനു പിടിച്ചതും "നിനക്ക് കാണാന്‍ ഇനി ഈ നാട്ടിലൊന്നും പെണ്ണില്ല" എന്ന് പറഞ്ഞതും എല്ലാം അയാളോര്‍ത്തു.

അവസാനം, മനസ്സിന് പിടിച്ച ഒരു പെണ്ണിനോട് സംസാരിക്കാനുള്ള വ്യഗ്രതയില്‍ ചുവരിലിരിക്കുന്ന ഫോട്ടോ കണ്ടു അച്ചന്‍ പട്ടാളത്തിലാണോ എന്ന് ചോദിച്ചതും, അത് അച്ച്ചനല്ല, സുഭാഷ് ചന്ദ്ര ഭോസാണ് എന്ന് ആ കുട്ടി ചിരിച്ചു കൊണ്ട് പറഞ്ഞതും, ഈ കുട്ടി ഇനി ശരിയാവില്ല എന്ന് താന്‍ തീരുമാനിച്ചതും അയാള്‍ അയവിറക്കി. ഈ സംഭവം റേഡിയോ മാന്ഗോ പോലെ നാട്ടില്‍ മുഴുവന്‍ പാട്ടായതിലും അയാള്‍ ആശ്ചര്യം കൊണ്ടു.

"എന്താടാ... നീ പെണ്ണ് കേട്ടുന്നില്ലേ...?" അടുത്തുള്ള കച്ചവടക്കാരന്‍ ചേട്ടന്‍ ഒരിക്കല്‍ ചോദിച്ചു. "ഇപ്പോഴില്ല ചേട്ടാ.... ഞാന്‍ കാത്തിരിക്കുകയാണ്." അയാള്‍ മറുപടി പറഞ്ഞു. "എന്നാല്‍ നീ ഒരു ലിറ്റര്‍ വെളിച്ചെണ്ണ കൂടി കൊണ്ടു പൊയ്ക്കോ..." ചേട്ടന്‍ ഉടനെ പറഞ്ഞു. "അതെന്തിനാ...." അയാള്‍ സംശയ നിവാരണത്തിനായി ചോദിച്ചു. "അല്ല, എന്തായാലും കാത്തിരിക്കുകയല്ലേ.... അപ്പോള്‍ കുറച്ചു കണ്ണില്‍ എണ്ണ ഒഴിച്ച് കാത്തിരുന്നോ... കുറെ നാള്‍ ഇരിക്കേണ്ടതല്ലേ.....!" ചേട്ടന്‍ ഒരു ചിരി ചിരിച്ചു. ആ കച്ചവടക്കാരന്റെ മുഖമടച്ചു ഒന്ന് കൊടുക്കനമെന്നുണ്ടായിരുന്നു. കഴിഞ്ഞ മാസത്തെ കടയിലെ പറ്റു തീര്‍ക്കാന്‍ ബാക്കിയുണ്ടായിരുന്നത് കൊണ്ടു അത് വേണ്ടെന്നു വെച്ചു.

ചിന്തിച്ചു നടന്നു വീട്ടിലെത്തിയത് അറിഞ്ഞില്ല. ചെന്ന പാടെ കണ്ണാടിയില്‍ നോക്കി. നര കയറി തുടങ്ങിയിരിക്കുന്നു. മീശയും അവിടവിടെയായി വെള്ളി നിറം ആവാഹിച്ചു തുടങ്ങിയിരിക്കുന്നു. കത്രിക എടുത്തു വെളുത്ത രോമങ്ങളെ മൂക്കിനു താഴെ നിന്നും ഒഴിവാക്കി. തലയിലേക്ക് കത്രിക ഓടിച്ചു തുടങ്ങുമ്പോള്‍ അമ്മ വിളിച്ചു പറയുന്നത് കേട്ടു. "എടാ.. നരച്ചത് വെട്ടുന്നതിനു പകരം കറുത്ത മുടി വെട്ട്.... അതായിരിക്കും എളുപ്പം." ഉടനെ ബാര്‍ബര്‍ പണി നിര്‍ത്തി ഉമ്മറത്ത്‌ വന്നിരുന്നു. "ഇന്നെന്താ.... നീ പുറത്തേക്കൊന്നും പോകുന്നില്ലേ...?" അമ്മ വിളിച്ചു ചോദിച്ചു. അയാളത് കേട്ടില്ല. അയാളുടെ മനസ്സ് കൊറിയര്‍ ചിന്തകളുമായി പറന്നു നടക്കുകയായിരുന്നു.

കുളിച്ചു ഭക്ഷണവും കഴിച്ചു നേരത്തെ വാതിലടച്ചു കിടന്നു. ഉറക്കം വരുന്നില്ല. ചിന്തകള്‍ അയാളുടെ മനസ്സില്‍ വീണ്ടും കൂട് കൂട്ടി തുടങ്ങി. മനസ്സ് അയാളെ വര്‍ഷങ്ങള്‍ പുറകോട്ടു കൊണ്ടു പോയി. മുഖത്ത് നോക്കി അവള്‍ ചോദിച്ചത് ഇന്നും തനിക്കോര്‍മയുണ്ട്. "ആരാ.....! മനസ്സിലായില്ലല്ലോ....?" ഹൃദയം നുറുങ്ങുന്ന വേദനയോടെ തിരിച്ചു നടക്കുമ്പോള്‍ ഉടലോടെ ഭൂമിയിലേക്ക്‌ ആഴ്ന്നിറങ്ങി പോയാലോ എന്നു വരെ ആഗ്രഹിച്ചു. എന്തോ അതിനു ശേഷം ഒരു മുഖവും തന്റെ മനസ്സില്‍ പതിയുന്നില്ലല്ലോ.....! ഒരു പക്ഷെ, ഇഷ്ടപ്പെടുന്ന ആ മുഖമാവാം താന്‍ ഇപ്പോഴും തിരഞ്ഞു കൊണ്ടിരിക്കുന്നത്. അത് മറ്റുള്ളവര്‍ക്കരിയുമോ....!

അയാള്‍ വീണ്ടും എണീറ്റ്‌ ഒരു കവിള്‍വെള്ളം കുടിച്ചു. ഒരു ഇളം കാറ്റ് മരങ്ങളെ തലോടി കടന്നു പോയി. പ്രതീക്ഷകളുടെ തെളിച്ചവുമായി പൂര്‍ണ ചന്ദ്രന്‍ ജാലക വാതിലിലൂടെ എത്തിനോക്കി കൊണ്ടിരുന്നു. എവിടെ നിന്നോ ഒരു പാതിരാ കിളി കരഞ്ഞു. അയാള്‍ അനന്തതയിലേക്കു നോക്കി തന്റെ കാത്തിരിപ്പ്‌ തുടര്‍ന്നു കൊണ്ടേയിരുന്നു......


Wednesday, July 7, 2010

അഭിനവ ഏകലവ്യന്മാര്‍

പുരാണത്തില്‍ ഒരു സംഭവമുണ്ട്. മഹാഭാരത കഥയില്‍.... നായാട്ടിനു പോയ പാണ്ഡവന്മാര്‍ വനത്തില്‍ വെച്ച് ഏകലവ്യന്‍ എന്ന വില്ലാളിയെ കാണുന്നു. ഏകലവ്യന്റെ ഗുരു ദ്രോണര്‍ ആണെന്ന് അറിയുന്ന പാണ്ടവര്‍ ഗുരുവായ ദ്രോണരുടെ അടുത്ത് ചെന്ന് ഇക്കാര്യം പറയുന്നു. ഞങ്ങളെ പടിപ്പിച്ചതിനെക്കാള്‍ വിദ്യകള്‍ ഏകല്യവനെ പടിപ്പിച്ചതെന്തിനാണെന്ന് ചോദിക്കുന്നു. തനിക്കു അങ്ങിനെ ഒരു ശിഷ്യനില്ലെന്നു പറയുന്ന ദ്രോണര്‍ ഏകലവ്യനെ കാണുന്നതിനായി കാട്ടിലേക്ക് പുറപ്പെടുന്നു. തന്റെ പ്രിയ ശിഷ്യനായ അര്‍ജുനനേക്കാള്‍ കേമനാണ് ഏകലവ്യന്‍ എന്ന് ദ്രോണര്‍ക്കു മനസ്സിലാകുന്നു. അര്‍ജുനനേക്കാള്‍ വലിയ ഒരു പോരാളി വളര്‍ന്നു വരുന്നു എന്ന ചിന്ത ദ്രോണരെ അലട്ടുന്നു. ദ്രോണരെ മനസ്സില്‍ ധ്യാനിച്ചാണ് താന്‍ അസത്ര വിദ്യ പടിക്കുന്നതെന്നായിരുന്നു ഏകലവ്യന്‍ പറഞ്ഞത്. അങ്ങിനെയെങ്കില്‍ ഗുരുവായ തനിക്കു ഗുരുദക്ഷിണ വേണമെന്നായി ദ്രോണര്‍. എന്താണെന്നല്ലേ...? ശിഷ്യന്റെ തള്ള വിരല്‍. സ്വാര്‍ത്ഥനായ ഗുരു... എന്നാല്‍ ഗുരുവാണ് ദൈവം എന്ന് കരുതി ഏകലവ്യന്‍ തന്റെ തള്ള വിരല്‍ തന്നെ ഗുരുവിനു ദക്ഷിണയായി നല്‍കുന്നു.

അത് പുരാണം....

ഇന്ന് ശിഷ്യന്മാര്‍ തള്ള വിരല്‍ ദക്ഷിണയായി നല്‍കുന്നില്ല... പകരം, ഗുരുവിന്റെ തന്നെ കരങ്ങള്‍ വെട്ടി വീഴ്ത്തുകയാണ്. ഒരു വ്യത്യസം കൂടി... ഗുരുവും ശിഷ്യരും... എല്ലാവരും അന്ധന്മാരായി തീര്‍ന്നിരിക്കുന്നു....

Thursday, July 1, 2010

അണിഞ്ഞു ഒരുങ്ങിയ ആന വണ്ടി

ആന വണ്ടി എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന നമ്മുടെ കെ എസ് ആര്‍ ടി സി ബസുകള്‍ക്ക് വിശ്വസിക്കാനാവാത്ത രൂപമാറ്റം ഇപ്പോള്‍ വന്നു തുടങ്ങിയിരിക്കുന്നു. എല്ലാ ബസുകള്‍ക്കുമല്ല, ചില പ്രത്യേക റൂട്ടിലോടുന്ന ബസുകള്‍ക്കുമാത്രം. അതിനു നല്ലൊരു പേരും ഉണ്ട് . ലോ ഫ്ലോര്‍ ബസുകള്‍. മലയാളത്തില്‍ പറയുകയാണെങ്കില്‍ താഴ്ന്ന നിലയുള്ള ബസുകള്‍. ഇന്നലെ എനിക്കും ആ ബസില്‍ കേറാനുള്ള ഒരു ഭാഗ്യം ഉണ്ടായി. തിരുവനന്തപുരത്ത് ബസ്‌ കാത്തു നില്‍ക്കുമ്പോള്‍ അതാ വരുന്നു ഒരു കിടിലന്‍ വോള്‍വോ വണ്ടി. കണ്ണഞ്ചിപ്പിക്കുന്ന നിറം. സ്വകാര്യ ബസുകളെ തോല്‍പ്പിക്കുന്ന രൂപം. ആലങ്കാരികമായി പറഞ്ഞാല്‍ "ഒടുക്കത്തെ ലുക്ക്‌". കീശ കാലിയാകുമെന്നു കരുതി മാറി നിന്നപ്പോള്‍ എല്ലാവരും അതില്‍ കേറുന്നു. എന്തും വരട്ടെ എന്ന് കരുതി ഞാനും ഓടി കയറി. കയറിയ ഉടനെ കണ്ടക്ടര്‍ ബെല്‍ അടിച്ചു. നമ്മള്‍ കണ്ടു ശീലിച്ച ചരട് കെട്ടി "ണിം" എന്ന ശബ്ദത്തിലുള്ള മണിയടി അല്ല കേട്ടോ. ഉഗ്രന്‍ ഇലക്ട്രോണിക് ബെല്‍. മോഹിപ്പിക്കുന്ന കിളിനാദം എന്നൊക്കെ വേണമെങ്കില്‍ പറയാം. തുടര്‍ന്ന് ബസിന്‍റെ വാതില്‍ താനേ പതിയെ അടഞ്ഞു. വലിച്ചടക്കുമ്പോള്‍ ഞെട്ടിപ്പിക്കുന്ന ശബ്ദമില്ല. തുറക്കാന്‍ പറ്റാത്ത പ്രശ്നമില്ല. എല്ലാം ഓട്ടോമാറ്റിക്. ഉള്ളില്‍ കയറിയപ്പോഴാണ് മനസ്സിലായത്‌, സംഭവം കുളിരുന്നതാണെന്ന്. അതായത് എ സി. ഇരിക്കാന്‍ ഒരു സീറ്റിനു വേണ്ടി എന്‍റെ കണ്ണുകള്‍ പരതി. നോക്കുമ്പോള്‍ ഒരു സൈഡ് സീറ്റു ഒഴിഞ്ഞു കിടക്കുന്നു. അതില്‍ കേറി ഇരുന്നു ഞാന്‍ ആദ്യം എന്നെ ഒന്ന് നുള്ളി നോക്കി. സംഗതി സത്യം തന്നെ. സീറ്റുകള്‍ എല്ലാം കുഷ്യന്‍ ഇട്ടവ. എല്ലാറ്റിനും സീറ്റ്‌ ബെല്‍റ്റ്‌. ചില ഭാഗങ്ങളില്‍ മടക്കി വെച്ചിരിക്കുന്ന കുറച്ചു സീറ്റുകള്‍. ഞാന്‍ ഒന്ന് ചാരിക്കിടന്നു ഒരു വിഹഗ വീക്ഷണം നടത്തി. ലോ ഫ്ലോര്‍ എന്നാണു പേരെങ്കിലും ഉള്ളില്‍ രണ്ടു ഭാഗമാണ്. മുന്‍വശം താഴ്ന്ന ഫ്ലോറും പിന്‍വശം ഉയര്‍ന്ന ഫ്ലോറും. ഗാലറി എന്നും ഈ ഉയര്‍ന്ന ഭാഗത്തെ വിളിക്കാം. മുംബെയില്‍ സിറ്റി ട്രെയിന്‍ സര്‍വീസുകളില്‍ കാണുന്ന പോലെ നില്‍ക്കുന്നവര്‍ക്ക് പിടിച്ചുനില്‍ക്കാനായി നിരനിരയായി തൂങ്ങികിടക്കുന്ന വളയങ്ങള്‍. യാത്രക്കാരില്‍ ഒരു സിഖ് കുടുംബവും ഉണ്ടായിരുന്നു. തലപ്പാവോക്കെ വെച്ച ഒരു സര്‍ദാര്‍ജിയും കൂടെ നല്ല തടിയുള്ള ഒരു വനിതാ സര്‍ദാര്‍ജിയും. നമ്മുടെ രഥത്തിന്റെ രണ്ടു വശങ്ങളിലും ഗ്ലാസ്‌ ആയതുകൊണ്ട് ചുറ്റുപാടുള്ള കാഴ്ചകളൊക്കെ കണ്ടു സുഖമായി യാത്ര ചെയ്യാം. നോക്കുമ്പോള്‍ എതിരെ സമാനമായ ബസുകള്‍ വരുന്നത് കണ്ടു. രണ്ടു ഓട്ടോമാറ്റിക് വാതിലുകള്‍. ഒന്ന് മുന്‍പിലും ഒന്ന് ഏകദേശം മധ്യ ഭാഗത്തും. ഞാന്‍ വീണ്ടും ബസിന്റെ സൌകര്യങ്ങളിലേക്ക് കണ്ണോടിച്ചു. സ്പീകരുകളില്‍ നിന്നും നല്ല മലയാള ഗാനങ്ങള്‍ ഒഴുകി വരുന്നു. ഉള്ളില്‍ നിറങ്ങളുടെ വസന്തം. ഡ്രൈവര്‍ക്ക് കാണാവുന്ന വിധത്തില്‍ ഒരു ഡിജിറ്റല്‍ സ്ക്രീന്‍. ശ്രദ്ധിച്ചപ്പോള്‍ മനസ്സിലായി അതില്‍ ബസിന്റെ പിന്നില്‍ ഘടിപ്പിച്ച ക്യാമറ കൊണ്ടുവരുന്ന ദ്രിശ്യങ്ങലാണ്‌. ഇനി ഡ്രൈവര്‍ക്കോ കണ്ടക്ടര്‍ക്കോ യാത്രക്കാരോട് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അതിനുമുണ്ട് ഒരു മൈക്ക്. അത് ഡ്രൈവര്‍ക്ക് അരികില്‍ വെച്ചിരിക്കുന്നു. പിന്നെ പിന്നിലും മുന്‍പിലും വശങ്ങളിലുമൊക്കെ ഡിജിറ്റല്‍ ബോര്‍ഡുകള്‍. ബസ്‌ പോകുന്ന സ്ഥലങ്ങള്‍ മിന്നി മറഞ്ഞുകൊണ്ടിരിക്കുന്നു. സുഖകരമായ ഒരു യാത്ര. അതിനിടക്ക് ഏതോ ഒരു വണ്ടി മുന്നില്‍ ചാടി എന്ന് തോന്നുന്നു. നമ്മുടെ ഡ്രൈവര്‍ ഒരു ചവിട്ട്‌. അതോടൊപ്പം നമ്മുടെ തടിച്ചു പന്ത് പോലെയിരിക്കുന്ന വനിതാ സര്‍ദാര്‍ജി ഉരുണ്ടു പെരണ്ട്‌ താഴെ വീണു. പാവം ആ വയസ്സായ സ്ത്രീയോട് സഹതാപം തോന്നിയെങ്കിലും ഞാന്‍ നമ്മുടെ ആന വണ്ടിയുടെ ബ്രേക്കില്‍ അഭിമാനം കൊണ്ടു. സര്‍ദാരും മറ്റുള്ളവരും ചേര്‍ന്ന് അവരെ എങ്ങനെയൊക്കെയോ പിടിചെഴുന്നെല്‍പ്പിച്ചു. അവര്‍ പഞാബി ഭാഷയില്‍ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. മിക്കവാറും നമ്മുടെ ബസിനെ പറ്റിയുള്ള തെറിയാകാനാണ് സാധ്യത. പാവം നമ്മുടെ ആന വണ്ടി. നല്ലത് ചെയ്താലും ആള്‍ക്കാര്‍ ദോഷമേ പറയൂ....

Sunday, June 27, 2010

ഒരു നാള്‍ വരും....

അങ്ങിനെ നീലക്കുപ്പായക്കാര്‍ നിലയില്ലാക്കയത്തില്‍ മുങ്ങി. ലോകകപ്പ്‌ രണ്ടാം ഘട്ടത്തിലേക്ക് കടന്നപ്പോള്‍ പ്രസിദ്ധരായ നീലക്കുപ്പായക്കാര്‍ ഇറ്റലിയും ഫ്രാന്‍സും പുറത്ത്. കഴിഞ്ഞ ലോകകപ്പ്‌ ഫൈനലിലെ തല കൊണ്ടുള്ള ഇടിയോര്‍ത്തു സിദാനും മാറ്റൊരസിയും ഇപ്പോള്‍ ചിരിക്കുന്നുണ്ടാകും. ഇക്കൊല്ലം ഫൈനലും വേണ്ട... ഇടിയും വേണ്ട..... അതിനു മുന്നേ എല്ലാം ശുഭം.

ഒരൊറ്റ നിമിഷം കൊണ്ട് നായകനില്‍ നിന്നും വില്ലനിലേക്ക് രൂപം മാറി സിദാന്‍. സ്വന്തം പെങ്ങളെയും ഭാര്യയെയും അസഭ്യം പറയുന്ന വില്ലനെ ഇടിച്ചു നിലം പരിശാക്കുന്ന, മലയാളത്തിലെ എടുത്താല്‍ പൊന്താതത്ര മസ്സിലുകള്‍ ശരീരത്തിലുള്ള, നായകന്മാര്‍ക്കുവേണ്ടി കയ്യടിക്കുന്ന മലയാളികള്‍ ആരും സിദാന് വേണ്ടി കയ്യടിച്ചില്ല. ടി വി ക്ക് മുന്നിലിരുന്നു കണ്ണീരൊഴുക്കുന്ന ഒരു സ്ത്രീകളും സിദാനു വേണ്ടി അത് ചെയ്തില്ല. ഒരൊറ്റ നിമിഷം... ബുദ്ധിക്കു പകരം വികാരം പ്രവര്‍ത്തിച്ചപ്പോള്‍.... തലച്ചോറിനു പകരം ഹൃദയം മന്ത്രിച്ചപ്പോള്‍..... ഒന്നോര്‍ത്തു നോക്കൂ..... നമ്മളും അത് തന്നെ ചെയ്യുമായിരുന്നില്ലേ....?

കാണുന്ന മുക്കിലും മൂലയിലുമെല്ലാം മെസ്സിയുടെയും റൊണാള്ഡോയുടെയും മറ്റും ചിത്രങ്ങളും വിദേശ രാജ്യങ്ങളുടെ കൊടികളും കാണുന്നതിനിടയില്‍ നെല്ലുവായില്‍ കണ്ട ഒരു ഫ്ലക്സിലെ വാചകം ഇങ്ങനെ...
"ഒരു നാള്‍ വരും ... അന്ന് കളിക്കളത്തില്‍ കാണാം..." അതിനോട് ചേര്‍ന്ന് ബൂട്ടിയയുടെയും വിജയന്റെയും ചിത്രങ്ങള്‍. കൂടെ ഇന്ത്യയുടെ പതാകയും.

Thursday, June 17, 2010

കേരളയാത്ര

ഒരു കേരളയാത്ര എന്‍റെയും ആഗ്രഹമായിരുന്നു. കേരളയാത്ര എന്നു പറഞ്ഞാല്‍ നമ്മുടെ പല രാഷ്ട്രീയ നേതാക്കളും നടത്തുന്ന പോലൊരു യാത്ര. കേരളത്തിന്‍റെ തെക്കു നിന്നും വടക്കോട്ടൊരു യാത്ര. (ഭാവിയില്‍ ഒരു രാഷ്ട്രീയ നേതാവാകുകയാനെങ്കില്‍ ഒരു പരിചയമൊക്കെ വേണ്ടെ.....?!) രണ്ടുദിവസം മുന്‍പു ആരുടേയൊക്കെയോ അനുഗ്രഹം കൊണ്ടു അതു ഞാന്‍ സാധിച്ചു. സാധാരണ മഞ്ചേശ്വരത്ത്നിന്നും പാറശാല വരെയാണ് എല്ലാവരും യാത്ര നടത്തുന്നത്. ആര്‍ക്കും ഇതുവരെ പാറശാലയില്‍ നിന്നും മഞ്ചേശ്വരം വരെ ഒരു യാത്ര നടത്താന്‍ തോന്നിയിട്ടില്ല. അതെന്താണാവോ....?

ഹാ, അതൊക്കെ പോട്ടെ, എന്‍റെ യാത്ര ഇങ്ങു നീലേശ്വരത്ത് നിന്നും അങ്ങു നന്തന്‍കോട്‌ വരെയായിരുന്നു. അതും "തീവണ്ടിയില്‍". തീവണ്ടിയില്‍ ഇപ്പോള്‍ തീയും പുകയുമോന്നുമില്ലെങ്കിലും നമുക്കു ആ വൈദ്യുതിയില്‍ ഓടുന്ന വണ്ടിയെ "തീവണ്ടി" എന്നു തന്നെ വിളിക്കാം. എന്നാലും സമ്മതിക്കണം.... ഈ പിണറായി വിജയനെയും, രമേശ്‌ ചെന്നിത്തലയെയും, സി കെ പത്മനാഭനെയും, കെ മുരളിധരന്‍ തുടങ്ങിയവരെയും. യാത്രയും അതിന്റെ കൂടെ പ്രസംഗവും.... എന്‍റെ ദൈവമേ...? ഇവര്‍ക്കിത് എങ്ങിനെ പറ്റുന്നു...?

എന്തായാലും യാത്ര ഒരുഗ്രന്‍ സംഭവം തന്നെയായിരുന്നു. കേരളത്തിന്‍റെ സൗന്ദര്യവും പച്ചപ്പും എത്ര കണ്ടാലും മതി വരാത്ത പോലെ. മഴക്കാലം കേരളത്തെ കൂടുതല്‍ സുന്ദരിയാക്കിയത് പോലെ. തിരുവനന്തപുരത്തെ തിരക്കേറിയ ഭരണ സിരാകേന്ദ്രങ്ങളും പഴമ വിളിച്ചോതുന്ന കെട്ടിടങ്ങളും. ബ്രിട്ടീഷ്‌ ശൈലിയിലുള്ള റെയില്‍വേ സ്റ്റേഷനില്‍ നിന്നും വി എസ് എസ് സി യും തൂമ്പയും കടന്നു കൊല്ലത്തേക്ക്. പെരുമണ്‍ ദുരന്തം ഹൃദയത്തില്‍ പേറുന്ന അഷ്ടമുടിക്കായലിന് മുകളിലൂടെ കായലുകളുടെയും കെട്ടുവള്ളങ്ങളുടെയും നാടായ ആലപ്പുഴയിലേക്ക്. ഞാന്‍ ഇരിപ്പിടം വിട്ടു വാതിലിനടുത്തു സ്ഥലം പിടിച്ചു. കിഴക്കിന്റെ വെനീസായ ആലപ്പുഴയില്‍ കാത്തിരുന്നതു സുന്ദരമായ ദ്രിശ്യങ്ങളായിരുന്നു. ചുറ്റുഭാഗവും വെള്ളത്താല്‍ മൂടപെട്ട വീടുകള്‍. വീടുകളിലേക്കു തോണിയും തുഴഞ്ഞു പോകുന്ന ആളുകള്‍. പാതി മുങ്ങി നടന്നു പോകുന്ന നാല്‍ക്കാലികള്‍. റെയില്‍വേ അതിര്‍ത്തി ഇട്ട ഇരുമ്പിന്റെ തൂണുകളില്‍ വെള്ളത്തിലേക്ക്‌ നോക്കിയിരിക്കുന്ന പൊന്മാന്‍. തങ്ങളുടെ തപസ്സു ഇപ്പോഴും തുടരുന്ന നീണ്ട തലയുള്ള കൊക്കുകള്‍. നെടുകെയും കുറുകെയും നീളുന്ന ചെറിയ തോടുകള്‍. താഴെ വെള്ളത്തിലും ഒരു ആകാശത്തിന്റെ പ്രതീതി. നാവില്‍ പാല്‍ പായസത്തിന്റെ മധുരം കൊണ്ടുവരുന്ന അമ്പലപ്പുഴയും കര്‍ഷക സമരത്തിന്റെ ചരിത്രം പേറുന്ന പുന്നപ്രയും വയലാറും ഒരു ജന്മം കൊണ്ടു ധന്യമായ തകഴിയും കുട്ടനാടന്‍ കായലും പിന്നിട്ടു അറബികടലിന്റെ റാണിയുടെ മടിത്തട്ടിലേക്ക്. ദൂരെ നിന്നും കാണാവുന്ന തലയെടുപ്പുള്ള കെട്ടിടങ്ങള്‍. ദൂരെ വെല്ലിംഗ്ടോന്‍ ദ്വീപ്‌. ക്രെയിനുകളും കപ്പലുകളും സ്വാഗതമോതുന്ന കൊച്ചിന്‍ തുറമുഖം. വെള്ളത്തില്‍ പൊങ്ങി കിടക്കുന്ന ചെറിയ ചെടികള്‍. സന്തോഷമേകുന്ന കാഴ്ചകള്‍. വേഗത്തില്‍ വളരുന്ന കേരളത്തിന്‍റെ മഹാനഗരം. അവിടെ നിന്നും പെരിയാര്‍ കടന്നു നെടുംപശേരിയിലെത്തുംപോള്‍ തലയ്ക്കു മുകളിലൂടെ പറന്നു പൊന്തുന്ന വിമാനങ്ങള്‍. തൃശ്ശൂരിലെ പാടങ്ങളിലെ സ്ഥിരം കാഴ്ചയായ ഇഷ്ടിക കളങ്ങള്‍. ശക്തന്‍ തമ്പുരാന്റെ സ്വന്തം സ്ഥലവും, ചെറുതുരുത്തിയിലെ കേരള കലാമണ്ടലവും പിന്നിടുമ്പോള്‍ ദൂരെ പാലക്കാടന്‍ കുന്നുകളുടെ വിദൂര ദ്രിശ്യങ്ങള്‍. അപൂര്‍വമായി കാണുന്ന നിളയുടെ ജല സമൃദ്ധി. ഭാരതപുഴ കടന്നു കുറച്ചു ദൂരം സമാന്തരമായി സഞ്ചരിച്ചു മലപ്പുറത്തിന്റെ മണ്ണിലേക്ക്. വെള്ളം നിറഞ്ഞു നില്‍ക്കുന്ന പാടത്തു ചാറ്റല്‍ മഴയിലും പന്ത് തട്ടുന്നവര്‍. മലപ്പുരത്തിന്റെത് മാത്രമായ ഫുട്ബോള്‍ ഭ്രാന്ത്. കടലുണ്ടി പുഴയും ബേപ്പൂര്‍ പുഴയും കടന്നു കോഴിക്കോട്ടെത്തുമ്പോള്‍ ഹല്‍വ യുടെ വിശേഷങ്ങളുമായി ഓടിയെത്തുന്ന കച്ചവടക്കാര്‍. പിന്നെ കാപ്പാടും കൊയിലാണ്ടിയും കുറ്റിയാടി പുഴയും കടന്നു, തിരയടിക്കുന്ന കടലിന്റെ തീരത്തുകൂടി വടകരയിലേക്ക്. ശാന്തമായൊഴുകുന്ന മയ്യഴി പുഴ, കേന്ദ്ര ഭരണപ്രദേശമായ മാഹി. മയ്യഴിയുടെ തീരങ്ങളില്‍ നിന്നും കണ്ണുകള്‍ പറിച്ചെടുത്തു തലശ്ശേരി വഴി കണ്ണൂരിലേക്ക്. തെയ്യങ്ങളുടെ രൌദ്രത കൊലയാളികള്‍ ഏറ്റെടുത്ത നഗരം. സന്ധ്യാ നേരത്ത് എല്ലാ വീടുകളുടെയും പൂമുഖത്ത് കൊളുത്തി വെച്ചിരിക്കുന്ന നിലവിളക്കുകള്‍ നമ്മളെ ഏതോ ഗൃഹാതുര സ്മരണകളിലേക്ക് കൊണ്ടുപോകും. അഴിക്കല്‍ അഴിമുഖതിന്റെ സുന്ദരമായ കാഴ്ച കഴിഞ്ഞാല്‍ ഏഴിമല. നാവിക അക്കാദമിയുടെ ആസ്ഥാനം. ഇനിയങ്ങോട്ട് നിറഞ്ഞൊഴുകുന്ന പുഴകളുടെ വസന്തമാണ്. നീലേശ്വരത്തെ പുഴകളില്‍ നിറയെ തോണികള്‍. വല വീശുന്ന കാഴ്ച അതി മനോഹരം. തുടര്‍ന്ന് പാറകള്‍ സമതലങ്ങള്‍ തീര്‍ക്കുന്ന വിജനമായ സ്ഥലങ്ങള്‍ പിന്നിട്ടു വീണ്ടും ഭീമനടിയിലേക്ക്.

യാത്രയില്‍ മറയാതെ നില്‍ക്കുന്നത് കേരളത്തിന്റെ അസൂയ തോന്നിപ്പിക്കുന്ന സൗന്ദര്യം. കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും, തിരുവനന്തപുരം സിറ്റി തൊട്ടു മലപ്പുരതിന്റെയും കണ്ണൂരിന്റെയും ഗ്രാമങ്ങള്‍ വരെ മാറ്റമില്ലാത്തത് ഒന്നിന് മാത്രം. ആകാശം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന മെസ്സിയുടെയും കാകയുടെയും മറ്റു താരങ്ങളുടെയും കൂറ്റന്‍ ചിത്രങ്ങള്‍. രൂപത്തിലും കവിത തുളുമ്പുന്ന വാചകങ്ങളിലും വെല്ലുവിളികളിലും ഒരേ വികാരം. ഇങ്ങനെയുമുണ്ടോ ഒരു ഫുട്ബോള്‍ ഭ്രാന്ത്....?

പ്രശസ്ത സാഹിത്യകാരി മാധവിക്കുട്ടിയുടെ "നീര്‍മാതളം പൂത്ത കാലം" എന്ന കൃതിയില്‍ നിന്നും കുറച്ചു വാചകങ്ങള്‍ കൊണ്ട് ഞാനിതു നിര്‍ത്തട്ടെ.....

"എനിക്ക് വീണ്ടുമൊരു ജന്മം കിട്ടുമെങ്കില്‍ ഞാന്‍ എല്ലാ രാത്രികളിലും നക്ഷത്രങ്ങള്‍ക്കിടയില്‍ കിടന്നു മാത്രം ഉറങ്ങും. മാന്പേടകളും കുതിരകളും നായ്ക്കുട്ടികളും മയിലുകളും വിഹരിക്കുന്ന ഒരു തോട്ടത്തില്‍ ഞാന്‍ താമസിക്കും. വെയില്‍ പൊള്ളുന്ന നിമിഷം വരെ ഞാന്‍ നദിയില്‍ നീന്തുകയും ഒരു മഞ്ചലിലെന്ന പോലെ മലര്‍ന്നു കിടക്കുകയും ചെയ്യും. ഞാന്‍ സുഗന്ധികളായ പൂക്കളുടെ ദലങ്ങളും മാവിന്റെ തളിരും വിരിച്ചു ആ ശയ്യയില്‍ കിടക്കും. എന്‍റെ ശരീരത്തിന്റെ വിയര്‍പ്പിന് വാടിയ പുഷ്പങ്ങളുടെ ഗന്ധമുണ്ടാകും. എന്‍റെ വായിലെ ഉമിനീരിനു കരുകപ്പുല്ലിന്റെ മണവും....."

Tuesday, June 8, 2010

പെയ്യാനും പെയ്യാതിരിക്കാനും.....

അങ്ങിനെ ഈ വര്‍ഷവും അത് സംഭവിച്ചു. നമ്മുടെ കാലാവസ്ഥ പ്രവചിക്കുന്നവരുടെ പ്രവചനം തെറ്റി. (അല്ലെങ്കിലും അതു ശരിയായ ചരിത്രങ്ങള്‍ അപൂര്‍വമാണല്ലോ) എന്തൊക്കെയായിരുന്നു..? ഈ വര്‍ഷം കൃത്യം മെയ്മാസം ഇരുപത്തോന്പതിനു തന്നെ കാലവര്‍ഷം എത്തും..... ആന്ധ്രയിലടിച്ച "ലൈല" ചുഴലിക്കാറ്റു കേരളത്തില്‍ കാലവര്‍ഷം വേഗത്തിലാക്കും..... കാലവര്‍ഷം ലക്ഷദ്വീപില്‍ എത്തി.... അങ്ങിനെ പലതരം അവകാശ വാദങ്ങള്‍.... ഇതൊക്കെ കേട്ടിട്ടാവണം.... ഇന്നും മഴയുടെ ഒരു സൂചന പോലുമില്ല...... നല്ല തെളിഞ്ഞ ആകാശം ..... പഞ്ഞിപോലെ വെളുത്ത മേഘങ്ങള്‍..... ഇനി നമുക്ക് തവളകളുടെ കരച്ചിലിനു കാതോര്‍ക്കാം..... ഇതിലും ഭേദം ആ പാവം ജീവികളാണ്..... കഷ്ടം......

Friday, May 28, 2010

നീലേശ്വരത്ത് നിന്നും..........

കുറിപ്പുകളുടെ തുടക്കം നീലേശ്വരത്ത് നിന്നാണ്... നീലേശ്വരമെന്നാല്‍ കാസര്‍ഗോഡ്‌ ജില്ലയിലെ തെക്കന്‍ പ്രദേശം. നിറഞ്ഞൊഴുകുന്ന പുഴകളും തെങ്ങുകളും കൊണ്ട് സുന്ദരമായ ഒരിടം..... തെയ്യങ്ങളുടെയും നരയന്‍ പൂക്കളുടെയും നാട്.... കാവ്യ മാധവന്‍റെ സ്വന്തം സ്ഥലം... അവിടെ നിന്നും മുപ്പതു കിലോമീറ്റര്‍ കിഴക്കോട്ടു പോയാല്‍ കാടിനോട്‌ ചേര്‍ന്നൊരു സ്ഥലം..... "ഭീമനടി"..... കിടിലന്‍ പേര് അല്ലേ...? പണ്ടെങ്ങാനും ഭീമന്‍ വഴി വന്നിരുന്നോ ആവോ....! അതെന്തോ ആയിക്കൊള്ളട്ടെ.... സ്ഥലം ഒരുഗ്രന്‍ സ്ഥലം തന്നെ..... കര്‍ണാടക അതിര്‍ത്തിയിലേക്ക് ഇവിടെ നിന്നും ഇരുപതു കിലോമീറ്റര്‍ ദൂരം മാത്രം.... വളഞ്ഞു പുളഞ്ഞൊഴുകുന്ന ചൈത്ര വാഹിനി പുഴയുടെ ഓരം ചേര്‍ന്ന് പോകുന്ന റോഡ്‌....... ചിലയിടങ്ങളില്‍ പേടിപെടുത്തുന്ന വന്‍ കുഴികള്‍... കൊക്കകള്‍....

ഭീമനടിയില്‍ മുഴുവന്‍ കോട്ടയം, പാല തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും കുടിയേറി താമസിക്കുന്ന കര്‍ഷകരാണ്... അതുകൊണ്ടു തന്നെ എല്ലാത്തിനും ഒരു കോട്ടയം ചുവ.... സമ്പര്‍ക്കം കൊണ്ട്‌ ഇവിടത്തു കാരുടെ ഭാഷയും (ഫാഷയും) അങ്ങിനെ തന്നെ ആയിരിക്കുന്നു.... അതിനിടയിലും ആടെ, ഈടെ, ഓടെ, എന്നൊക്കെ പറയുന്ന തനി നാട്ടിന്‍ പുറത്തുകാരെയും കാണാം... അതെടുതിട്ടു ചാടിക്കോ എന്ന് പലരും എന്നോട് പറയാറുണ്ട്.... ചാടാന്‍ പോയാല്‍ കുടുങ്ങിയത് തന്നെ.... ചാടുക എന്നാല്‍ കളയുക എന്നര്‍ത്ഥം.

ഭീമനടിയില്‍ രാവിലെ തൊട്ടു മീന്‍ കറി സുലഭം... ദോശക്കും ചപ്പാത്തിക്കും കപ്പക്കും, എന്തിനു ഉപ്പുമാവിന് വരെ മീന്‍ കറി കിട്ടും... പിന്നെ, പപ്പടം ഇവിടെ കണി കാണാന്‍ കിട്ടില്ല.... അതിനു പകരം രണ്ട് വറുത്ത മീന്‍.....!എങ്ങനുണ്ട്...?

ഇവിടുത്തെ രാത്രികള്‍ സുന്ദരങ്ങളാണ്...... ഏഴു മണി കഴിഞ്ഞാല്‍ വാഹനങ്ങള്‍ കുറവായത് കൊണ്ട്‌ രാത്രികള്‍ എപ്പോഴും നിശബ്ദം...... മഴ പെയ്തു തോര്‍ന്ന രാത്രികളില്‍ ചുറ്റിലും നിറയെ മിന്നാമിന്നികള്‍..... ചിലപ്പോള്‍ സുന്ദരമായ നിലാവ്..... ഒന്നു പതിയെ കാതോര്‍ത്താല്‍ ചൈത്ര വാഹിനി പുഴ ഒഴുകുന്ന ശബ്ദം കേള്‍ക്കാം..... ഉത്സവ നാളുകളിലെ രാത്രികളില്‍ അകലെ നിന്നും ഉയരുന്ന ചെണ്ടയുടെ നാദം ഉയരും.... തെയ്യങ്ങള്‍ ആടി തിമിര്‍ക്കുകയാണ്..... പലതരം തെയ്യങ്ങള്‍.... മുത്തപ്പന്‍ തെയ്യം, ചാമുണ്ടി തെയ്യം, ഗുളികന്‍ തെയ്യം, പൊട്ടന്‍ തെയ്യം, പരദേവത തെയ്യം, വിഷ്ണു മൂര്‍ത്തി തെയ്യം, തീയില്‍ ചാടുന്ന തെയ്യം.... അങ്ങിനെ പലതരം തെയ്യങ്ങള്‍.......

അങ്ങിനെ പോകുന്നു ഇവിടത്തെ ദിനങ്ങള്‍....... ഇന്നത്തെ എന്‍റെ ചിന്തകളും വിചാരങ്ങളും ഇങ്ങനെ എഴുതാനാണ് എന്നെ പ്രേരിപ്പിച്ചത്..... ഇനി അടുത്ത ദിവസങ്ങളില്‍ വേറൊരു വിഷയമാകം..... എല്ലാവര്‍ക്കും എന്‍റെ സ്നേഹാന്വേഷണങ്ങള്‍....


Thursday, May 27, 2010

പുതിയ അവതാരം

മോഹന്‍ലാല്‍ ഏതോ ഒരു സിനിമയില്‍ പറഞ്ഞ പോലെ ഇതെന്‍റെ പുതിയ അവതാരം.... "എയ്യാല്‍ക്കാരന്‍".......... കേള്‍ക്കുമ്പോള്‍ ചിരി വരുന്ന പേര് അല്ലേ....? പക്ഷെ, എയ്യാലില്‍ നിന്നും എയ്യാലിന്റെ പരിസരത്ത് നിന്നുമുള്ള എല്ലാവര്‍ക്കുമായി എനിക്ക് രൂപത്തില്‍ അവതരിച്ചേ പറ്റൂ..... അതെന്‍റെ നിയോഗം.... അവതാരത്തിനായി എനിക്ക് അനുഗ്രഹം തന്ന എന്‍റെ പ്രിയ സുഹൃത്ത്‌ സജു മാത്യുവിനു മുന്നില്‍ സാഷ്ടാംഗം പ്രണമിച്ചുകൊണ്ട്‌ ഇന്ന് ഞാന്‍ നിര്‍ത്തട്ടെ.... വരും ദിവസങ്ങളില്‍ പുതിയ രൂപത്തിലും പുതിയ ഭാവത്തിലും എന്‍റെ ചിന്തകളും വിശേഷങ്ങളുമായി ഞാന്‍ അവതരിക്കും.... എല്ലാവര്‍ക്കും നമസ്കാരം...