Wednesday, August 11, 2010

കൊറിയര്‍ കൊണ്ടു വന്ന പ്രതീക്ഷകള്‍

രാത്രിയുടെ നിശ്ശബ്ദ യാമങ്ങളില്‍ അയാള്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. അയാള്‍ക്കുറക്കം വന്നില്ല. ഘടികാരത്തിലെ സൂചികള്‍ പാതിരാവും കടന്നു ചലിച്ചുകൊണ്ടിരുന്നു. കട്ടിലിനരികിലുള്ള ജാലക വാതിലുകള്‍ അയാള്‍ പതിയെ തുറന്നു. മഴയും മേഘങ്ങളുമൊഴിഞ്ഞ രാത്രി പരന്നൊഴുകുന്ന നിലാവിനെ അയാളുടെ മുറിയിലേക്ക് കൂട്ടിക്കൊണ്ടു വന്നു. അയാളുടെ മനസ്സില്‍ കൂടുകൂട്ടിയ പ്രതീക്ഷയ്ക്ക് കൂടുതല്‍ തിളക്കം വെച്ചതായി അയാള്‍ക്ക്‌ തോന്നി. നിലാവില്‍ കുളിച്ചു നില്‍ക്കുന്ന മരങ്ങളുടെ ഇളകുന്ന നിഴലുകള്‍ അയാളെ തെല്ലു ഭയപ്പെടുത്താതിരുന്നില്ല. അയാള്‍ എഴുന്നേറ്റ് ഒരു കവിള്‍ വെള്ളം കുടിച്ച് വീണ്ടും ജനലിനരികില്‍ വന്നു കിടന്നു. ക്ഷോഭിച്ച കടല്‍ പോലെ അയാളുടെ മനസ്സ് കലങ്ങി മറിഞ്ഞു കൊണ്ടിരുന്നു. അയാള്‍ ആലോചിച്ചു, ആരായിരിക്കും ആ കൊറിയര്‍ അയച്ചത്....?

ജീവിതത്തില്‍ ആദ്യമായിട്ടായിരുന്നു അയാള്‍ക്കൊരു കൊറിയര്‍ വരുന്നത്. പണ്ടൊക്കെ അടുത്ത സുഹൃത്തുക്കള്‍ മാത്രമായിരുന്നു അയാള്‍ക്ക്‌ എഴുത്തുകള്‍ എഴുതിക്കൊണ്ടിരുന്നത്. പിന്നെ വിദേശത്ത് നിന്നും എല്ലാ വര്‍ഷവും മുറ തെറ്റാതെ വരുന്ന പുതുവത്സര ക്രിസ്തുമസ് ആശംസാ കാര്‍ഡുകളും. ലോകം പുതിയ കാലത്തിലേക്ക് കടന്നപ്പോള്‍ മൊബൈല്‍ ഫോണുകള്‍ എഴുത്തുകളേയും ആശംസാ കുറിപ്പുകളെയും പിച്ചി ചീന്തി കളഞ്ഞിരിക്കുന്നു. എന്നാലും തന്‍റെ ജീവിതത്തെ പറ്റി നന്നായറിയാവുന്ന ആരോ ആയിരിക്കണം ആ കൊറിയര്‍ അയച്ചിട്ടുണ്ടാകുക..., അയാളോര്‍ത്തു.

"നിങ്ങള്‍ക്ക് ഒരു കൊറിയര്‍ ഉണ്ടല്ലോ......" റിസപ്ഷനില്‍ ഇരിക്കുന്ന പെണ്‍കുട്ടി പറഞ്ഞപ്പോള്‍ അയാള്‍ വിചാരിച്ചു തിന്നാനുള്ള എന്തെങ്കിലും സാധനം ആയിരിക്കുമെന്ന്. ജിലേബിയും ലഡുവും പോലെ എന്തെങ്കിലും മധുരമുള്ള പുതിയ ബേക്കറി ഐറ്റമാകും എന്ന് കരുതി മോഹനലാല്‍ നടക്കും പോലെ ഒരു ഭാഗം ചെരിഞ്ഞു അയാള്‍ നടന്നു ചെന്നു. ആ പെണ്‍കുട്ടി ഒരു ഒട്ടിച്ച കവര്‍ വെച്ചു നീട്ടി. തിരിച്ചും മറിച്ചും ചെരിച്ചും നോക്കിയപ്പോള്‍ തന്‍റെ വിലാസം കൃത്യമായി വ്യക്തതയോടെ എഴുതിയിരിക്കുന്നു. അയാള്‍ അത്ഭുതം കൊണ്ടു.

"ഇതിനുള്ളിലാണോ തിന്നാനുള്ള സാധനം......?" അയാള്‍ ചോദിച്ചു.

"തിന്നാനുള്ള സാധനമോ....? എനിക്കറിയില്ല, ആ കവര്‍ പൊട്ടിച്ചു നോക്ക്." പെണ്‍കുട്ടി മൊഴിഞ്ഞു.

"ഇയാള്‍ക്ക് ഉയരമുണ്ടെങ്കിലും വിവരമില്ലാതെ പോയല്ലോ, ഈശ്വരാ....!!!" പെണ്‍കുട്ടി മനസ്സില്‍ വിചാരിച്ചു.

അപ്പോഴേക്കും അയാളുടെ സുഹൃത്ത്‌ അവിടെ എത്തിച്ചേര്‍ന്നു. കൈ വെട്ടലിന്റെയും ബോംബരിന്റെയുമൊക്കെ കാലമായതിനാല്‍ കവര്‍ തുറക്കാന്‍ അയാള്‍ക്ക്‌ പേടി തോന്നി. കൊറിയര്‍ വന്നതറിഞ്ഞ് കേട്ടവര്‍ കേട്ടവര്‍ അവിടെ തടിച്ചു കൂടി. ആദ്യമായി അയാള്‍ക്കൊരു കൊറിയര്‍ വന്നതില്‍ അവരെല്ലാവരും ആവേശം കൊണ്ടു. എല്ലാവര്‍ക്കും അതില്‍ എന്താനെന്നറിയുവാനുള്ള ആകാംക്ഷ പരകോടിയിലെത്തി. കവര്‍ തുറക്കുവാന്‍ അയാള്‍ തന്‍റെ സുഹൃത്തിനെ ചുമതലപ്പെടുത്തി. തന്‍റെ ആത്മ സുഹൃത്തിന് വേണ്ടി അത് തുറക്കുവാന്‍ തയ്യാറായ സുഹൃത്ത് കവര്‍ വിശദമായി പരിശോധിച്ചു. അത് മലപ്പുറത്ത് നിന്നാണ് അയച്ചിരിക്കുന്നത്. അതറിഞ്ഞപ്പോള്‍ അയാളുടെ ഭീതി ഇരട്ടിച്ചു. തിന്നാനുള്ള സാധനമാണെന്ന് കരുതിയത്‌ ജീവനെടുക്കാനുള്ള വല്ല കുന്തവുമാണോ.....?! അയാള്‍ ചിന്തകള്‍ കൊണ്ടു ഡ്രാക്കുളയുടെ കൊട്ടാരം കെട്ടി.

ആകാംക്ഷ മുറ്റിയ കണ്ണുകള്‍ ചുറ്റിലും കൂടി വരുമ്പോള്‍ അയാളുടെ സുഹൃത്ത്‌ കവര്‍ തുറന്നു. നോക്കിനിന്ന അയാളുടെ ഹൃദയമിടിപ്പുകള്‍ ദ്രുത താളം പൂണ്ടു. ഒരു കടിഞ്ഞൂല്‍ പ്രസവത്ത്തിന്റെ വേദന താനനുഭവിക്കുന്നതായി അയാള്‍ക്കു തോന്നി. അയാളുടെ തൊണ്ട വരണ്ടു. റിസപ്ഷനിലെ പെണ്‍കുട്ടി അയാള്‍ക്കു ഒരു ഗ്ലാസ് വെള്ളം കൊടുത്തു. ആദ്യമായി എ സി ബാറില്‍ കയറിയ ലോക്കല്‍ കുടിയനെ പോലെ അത് അയാള്‍ ഒറ്റ വലിക്കകത്താക്കി. ആകാംക്ഷക്കരുതി വരുത്തി എല്ലാവരും ചേര്‍ന്ന് ആ കവര്‍ തുറന്നു. അതില്‍ നിന്നും ഒരു "ശാലോം" മാഗസിന്‍ അവര്‍ പുറത്തെടുത്തു. കൂടെ ഒരു എഴുത്തും. "താങ്കള്‍ക്കു വേണ്ടി ഞങ്ങള്‍ക്ക് ഇത്രയേ ചെയ്യുവാനുള്ളൂ... ഒരു ഉചിതമായ തീരുമാനം താങ്കള്‍ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു." അത്രമാത്രം.

അവര്‍ മാഗസിന്‍ തുറന്നു നോക്കി. അതില്‍ നിറയെ മാട്രി മോനിയല്‍ പരസ്യങ്ങള്‍. ചിരിച്ചിരിക്കുന്ന വെളുത്തതും കറുത്തതും ഇരു നിറമുള്ളതുമായ സുന്ദരികള്‍. കെട്ടാന്‍ വരുന്ന ചെക്കന്മാരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തരുണീ മണികള്‍. കൂടി നിന്നിരുന്ന എല്ലാവര്‍ക്കും കാര്യം മനസ്സിലായി. ആകാംക്ഷ തകര്‍ന്നടിഞ്ഞതിന്റെ നിരാശയില്‍ എല്ലാവരും അവരവരുടെ ജോലികളിലേക്ക് മടങ്ങി.

അയാളുടെ മനസ്സില്‍ ഭീതി മാറി പകരം പ്രതീക്ഷയും ഒപ്പം ആശ്ചര്യവും വന്നു നിറഞ്ഞു. ഹൃദയത്തില്‍ ആരോ ഇലഞ്ഞിത്തറ മേളം കൊട്ടി. പ്രതീക്ഷയുടെ അമിട്ടുകള്‍ അയാളുടെ മനസ്സില്‍ നൂറു വര്‍ണ്ണങ്ങള്‍ വിരിയിച്ചു. ഇടക്കെപ്പോഴോ ഒരു ഗുണ്ട് ഉയര്‍ന്നു പൊട്ടി. അയാളുടെ നട്ടെല്ലില്‍ ഒരു പിടുത്തം വീണു. പതുക്കെ ചെന്നു അയാള്‍ കസേരയില്‍ ഇരുന്നു.

നട്ടെല്ലിന്റെ പിടുത്തം സ്ഥിരമായി കാണുന്ന ഒരാള്‍ ചോദിച്ചു. "എടൊ, ഇങ്ങനെ കഷ്ട്ടപ്പെടണോ.....? ആ മൈസൂരില്‍ പോയി ഒന്ന് പൊട്ടിച്ചു വന്നൂടെ...?"

അയാളുടെ മുഖത്തിനിട്ടു ഒന്ന് പൊട്ടിക്കാന്‍ തോന്നി. എന്നാലും വേദന ഉള്ളിലൊതുക്കി പറഞ്ഞു. "വേണ്ട, അതൊക്കെ പുലി വാലാകും... ഇതൊക്കെ തന്നെ മാറിക്കോളും."

"ഹും... മാറിയതു തന്നെ.... ഇങ്ങനെ നീയൊക്കെ കല്യാണം കഴിച്ചാല്‍ ബാക്കിയുല്ലോര്‍ക്ക് പണിയാകും..." 'മൈസൂരുകാരന്‍' പ്രതീക്ഷ മറച്ചു വെച്ചില്ല.

നേരം നാലു മണിയായി. അവിടെ നടന്ന കാര്യങ്ങളൊന്നും പിന്നെ അയാളറിഞ്ഞില്ല. അയാളുടെ മനസ്സ് ഇന്ത്യയുടെ ചന്ദ്രയാന്‍ പോലെ പറന്നു പൊയ്ക്കൊണ്ടിരുന്നു. താഴേക്കു വീഴുമോ എന്ന ഇന്ത്യക്കാരുടെ ആശങ്ക പോലെ തന്നെ 'ഇത് വല്ലതും നടക്കുമോ' എന്ന ഒരു സംശയം അയാളുടെ മനസ്സിലും ഉണ്ടായിരുന്നു.

"വീട്ടിലേക്കു പോകുന്നില്ലേ ചേട്ടാ....? ഇങ്ങനെ സ്വപ്നം കണ്ടിരുന്നാല്‍ മതിയോ....?" എന്തോ ആവശ്യത്തിനായി വന്ന ഒരു പെണ്‍കുട്ടിയുടെ ചോദ്യമാണ് അയാളെ ചിന്തയില്‍ നിന്നും ഉണര്‍ത്തിയത്. അയാള്‍ പതുക്കെ വീട്ടിലേക്കു നടന്നു. അയാള്‍ ആലോചിച്ചു. നാല്പതു വയസ്സിനു മുകളിലായെങ്കിലും പതിനെട്ടിന്റെ ചെറുപ്പമാണ് തനിക്ക്. ശരീരത്തിന് പ്രായമായി തുടങ്ങിയെങ്കിലും യൌവനത്തിന്റെ പൂക്കാലത്തിലാണ് തന്‍റെ മനസ്സ്. ആള്‍ക്കാര്‍ പറഞ്ഞു നടക്കും പോലെ പെണ്ണ് കിട്ടാത്തതല്ല തന്‍റെ പ്രശ്നം. മനസ്സിന് പിടിച്ച ഒരു പെണ്ണിനെ കിട്ടണ്ടേ.....!

"എന്താടാ....? ഐശ്വര്യാ റായി വരുമോ, നിന്നെ കെട്ടാന്‍....?" ഒരു ദിവസം സുഹൃത്ത്‌ ചോദിച്ചു. ഐശ്വര്യാ റായി അല്ല അന്ജെലിന ഷോലി വന്നാലും താന്‍ വേണ്ടെന്നു പറയുമെന്ന് അവരുണ്ടോ അറിയുന്നു...! സുഹൃത്തിനോട്‌ ഒന്നും മിണ്ടാതെ ചിരിക്കുക മാത്രം ചെയ്തു.

"ഇങ്ങനെ നടന്നാല്‍ കുറച്ചു കഴിഞ്ഞാല്‍ കാറ്റ് മാത്രം വരുമല്ലോ...!" താന്‍ ഏറെ ബഹുമാനിക്കുന്ന ഒരാള്‍ മറ്റൊരിക്കല്‍ പറഞ്ഞത് കേട്ട് അയാള്‍ മനസ്സില്‍ ചിരിച്ചു. അല്ലെങ്കിലും ഉള്ളു തുറന്നു ചിരിക്കാനുള്ള കഴിവ് തന്നെയാണല്ലോ തന്റെ ഏറ്റവും വലിയ കരുത്ത്‌. അയാള്‍ മനസ്സിലോര്‍ത്തു.

മുന്നൂറോളം വീടുകളില്‍ പെണ്ണ് കാണാന്‍ പോയിട്ടുണ്ട് എന്നാണ് ചില അസൂയാലുക്കള്‍ പറഞ്ഞു നടക്കുന്നത്. കണ്ടാലെന്താ.... ഇവരുടെ ചിലവിലാണോ പെണ്ണ് കാണാന്‍ പോകുന്നത് എന്ന് ചോദിക്കനമെന്നുണ്ടായിരുന്നു. ഒരു സംഘട്ടനം ഒഴിവാക്കാന്‍ വേണ്ടി മാത്രം അതിനു മിനക്കെട്ടില്ല. ഒരു പെണ്ണ് കാണാന്‍ ചെന്ന വീട്ടില്‍ പെണ്ണിനെ കണ്ടതിനു ശേഷം പോരാന്‍ നേരത്ത് വീടിനകത്ത് നിന്നും പെണ്ണിന്റെ അമ്മ അടക്കി പിടിച്ച സ്വരത്തില്‍ പറയുന്നത് കേട്ടു. "ഇത് നമുക്ക് വേണ്ട മോളെ.... അയാള്‍ പണ്ട് എന്നെ പെണ്ണ് കാണാന്‍ വന്നതാ... നിന്റെ അച്ഛന്റെ പ്രായമുണ്ട്....!" അവിടെ നിന്നും പകുതി കുടിച്ച ചായ ഗ്ലാസില്‍ ബാക്കി വെച്ച് ഓടി പോന്നതും ഓര്‍മയുണ്ട്. വേറൊരു സ്ഥലത്ത് പെണ്ണ് ചായ കൊണ്ട് വന്നപ്പോള്‍ കൂടെ വന്ന ബ്രോക്കരോട് "ഈ പെണ്ണിനെ ഞാന്‍ ഒരിക്കല്‍ കണ്ടതാ..." എന്ന് സ്വകാര്യമായി പറയേണ്ടി വന്ന ദുരവസ്ഥയും ഒരിക്കല്‍ വന്നു ചേര്‍ന്നിട്ടുണ്ട്. ആ വീട്ടുകാര്‍ക്ക് ഇങ്ങോട്ട് മനസ്സിലായോ എന്നാലോചിക്കാന്‍ മെനക്കെടാതെ മുങ്ങിയതും ഒരേ പെണ്ണിന് രണ്ടു ബ്രോക്കര്‍ ഫീസോ എന്ന് പറഞ്ഞു ബ്രോക്കരോട് കയര്ത്തതും ബ്രോക്കര്‍ തന്റെ കുത്തിനു പിടിച്ചതും "നിനക്ക് കാണാന്‍ ഇനി ഈ നാട്ടിലൊന്നും പെണ്ണില്ല" എന്ന് പറഞ്ഞതും എല്ലാം അയാളോര്‍ത്തു.

അവസാനം, മനസ്സിന് പിടിച്ച ഒരു പെണ്ണിനോട് സംസാരിക്കാനുള്ള വ്യഗ്രതയില്‍ ചുവരിലിരിക്കുന്ന ഫോട്ടോ കണ്ടു അച്ചന്‍ പട്ടാളത്തിലാണോ എന്ന് ചോദിച്ചതും, അത് അച്ച്ചനല്ല, സുഭാഷ് ചന്ദ്ര ഭോസാണ് എന്ന് ആ കുട്ടി ചിരിച്ചു കൊണ്ട് പറഞ്ഞതും, ഈ കുട്ടി ഇനി ശരിയാവില്ല എന്ന് താന്‍ തീരുമാനിച്ചതും അയാള്‍ അയവിറക്കി. ഈ സംഭവം റേഡിയോ മാന്ഗോ പോലെ നാട്ടില്‍ മുഴുവന്‍ പാട്ടായതിലും അയാള്‍ ആശ്ചര്യം കൊണ്ടു.

"എന്താടാ... നീ പെണ്ണ് കേട്ടുന്നില്ലേ...?" അടുത്തുള്ള കച്ചവടക്കാരന്‍ ചേട്ടന്‍ ഒരിക്കല്‍ ചോദിച്ചു. "ഇപ്പോഴില്ല ചേട്ടാ.... ഞാന്‍ കാത്തിരിക്കുകയാണ്." അയാള്‍ മറുപടി പറഞ്ഞു. "എന്നാല്‍ നീ ഒരു ലിറ്റര്‍ വെളിച്ചെണ്ണ കൂടി കൊണ്ടു പൊയ്ക്കോ..." ചേട്ടന്‍ ഉടനെ പറഞ്ഞു. "അതെന്തിനാ...." അയാള്‍ സംശയ നിവാരണത്തിനായി ചോദിച്ചു. "അല്ല, എന്തായാലും കാത്തിരിക്കുകയല്ലേ.... അപ്പോള്‍ കുറച്ചു കണ്ണില്‍ എണ്ണ ഒഴിച്ച് കാത്തിരുന്നോ... കുറെ നാള്‍ ഇരിക്കേണ്ടതല്ലേ.....!" ചേട്ടന്‍ ഒരു ചിരി ചിരിച്ചു. ആ കച്ചവടക്കാരന്റെ മുഖമടച്ചു ഒന്ന് കൊടുക്കനമെന്നുണ്ടായിരുന്നു. കഴിഞ്ഞ മാസത്തെ കടയിലെ പറ്റു തീര്‍ക്കാന്‍ ബാക്കിയുണ്ടായിരുന്നത് കൊണ്ടു അത് വേണ്ടെന്നു വെച്ചു.

ചിന്തിച്ചു നടന്നു വീട്ടിലെത്തിയത് അറിഞ്ഞില്ല. ചെന്ന പാടെ കണ്ണാടിയില്‍ നോക്കി. നര കയറി തുടങ്ങിയിരിക്കുന്നു. മീശയും അവിടവിടെയായി വെള്ളി നിറം ആവാഹിച്ചു തുടങ്ങിയിരിക്കുന്നു. കത്രിക എടുത്തു വെളുത്ത രോമങ്ങളെ മൂക്കിനു താഴെ നിന്നും ഒഴിവാക്കി. തലയിലേക്ക് കത്രിക ഓടിച്ചു തുടങ്ങുമ്പോള്‍ അമ്മ വിളിച്ചു പറയുന്നത് കേട്ടു. "എടാ.. നരച്ചത് വെട്ടുന്നതിനു പകരം കറുത്ത മുടി വെട്ട്.... അതായിരിക്കും എളുപ്പം." ഉടനെ ബാര്‍ബര്‍ പണി നിര്‍ത്തി ഉമ്മറത്ത്‌ വന്നിരുന്നു. "ഇന്നെന്താ.... നീ പുറത്തേക്കൊന്നും പോകുന്നില്ലേ...?" അമ്മ വിളിച്ചു ചോദിച്ചു. അയാളത് കേട്ടില്ല. അയാളുടെ മനസ്സ് കൊറിയര്‍ ചിന്തകളുമായി പറന്നു നടക്കുകയായിരുന്നു.

കുളിച്ചു ഭക്ഷണവും കഴിച്ചു നേരത്തെ വാതിലടച്ചു കിടന്നു. ഉറക്കം വരുന്നില്ല. ചിന്തകള്‍ അയാളുടെ മനസ്സില്‍ വീണ്ടും കൂട് കൂട്ടി തുടങ്ങി. മനസ്സ് അയാളെ വര്‍ഷങ്ങള്‍ പുറകോട്ടു കൊണ്ടു പോയി. മുഖത്ത് നോക്കി അവള്‍ ചോദിച്ചത് ഇന്നും തനിക്കോര്‍മയുണ്ട്. "ആരാ.....! മനസ്സിലായില്ലല്ലോ....?" ഹൃദയം നുറുങ്ങുന്ന വേദനയോടെ തിരിച്ചു നടക്കുമ്പോള്‍ ഉടലോടെ ഭൂമിയിലേക്ക്‌ ആഴ്ന്നിറങ്ങി പോയാലോ എന്നു വരെ ആഗ്രഹിച്ചു. എന്തോ അതിനു ശേഷം ഒരു മുഖവും തന്റെ മനസ്സില്‍ പതിയുന്നില്ലല്ലോ.....! ഒരു പക്ഷെ, ഇഷ്ടപ്പെടുന്ന ആ മുഖമാവാം താന്‍ ഇപ്പോഴും തിരഞ്ഞു കൊണ്ടിരിക്കുന്നത്. അത് മറ്റുള്ളവര്‍ക്കരിയുമോ....!

അയാള്‍ വീണ്ടും എണീറ്റ്‌ ഒരു കവിള്‍വെള്ളം കുടിച്ചു. ഒരു ഇളം കാറ്റ് മരങ്ങളെ തലോടി കടന്നു പോയി. പ്രതീക്ഷകളുടെ തെളിച്ചവുമായി പൂര്‍ണ ചന്ദ്രന്‍ ജാലക വാതിലിലൂടെ എത്തിനോക്കി കൊണ്ടിരുന്നു. എവിടെ നിന്നോ ഒരു പാതിരാ കിളി കരഞ്ഞു. അയാള്‍ അനന്തതയിലേക്കു നോക്കി തന്റെ കാത്തിരിപ്പ്‌ തുടര്‍ന്നു കൊണ്ടേയിരുന്നു......